എൻഡോസൾഫാൻ - K.M. Sreekumar

K.M. Sreekumar

കാസർകോട്ടെ ആരോഗ്യപ്രശ്നങ്ങൾക്കു കാരണം എൻഡോസൾഫാൻ വായുമാർഗേന തളിച്ചതാണെന്നും കേരള കാർഷിക സർവകലാശാല പരോക്ഷമായെങ്കിലും അതിനുത്തരവാദികളാണെന്നും അംബികാസുതൻ മാങ്ങാട്‌ കുറ്റപ്പെടുത്തിയിരുന്നു.

കേരളത്തിലെ വിളകൾക്കുവരുന്ന രോഗകീടങ്ങളുടെ നിയന്ത്രണം സംബന്ധിച്ച ഗവേഷണം കേരള കാർഷിക സർവകലാശാലയുടെ ഉത്തരവാദിത്വമാണ്. അതുപ്രകാരം തേയിലക്കൊതുകുകളെ നിയന്ത്രിക്കാൻ എൻഡോസൾഫാൻ തളിക്കാൻ നിർദേശിച്ചിട്ടുണ്ട്. പക്ഷേ, ഒരേ കീടനാശിനി ഒരുവർഷം ഒരു തവണയിലധികം തളിക്കാൻ നിർദേശിച്ചിട്ടില്ല. കീടനാശിനി വായുമാർഗേന തളിക്കുമ്പോൾ അനുവർത്തിക്കേണ്ട കാര്യങ്ങൾ സൂക്ഷ്മമായി പാലിക്കാൻ പി.സി.കെ.യ്ക്ക് സാധിച്ചിട്ടില്ലെന്ന് അച്യുതൻ കമ്മിഷൻ കണ്ടെത്തിയിട്ടുണ്ട്.

പക്ഷേ, പി.സി.കെ.യ്ക്ക് എൻഡോസൾഫാൻ കീടനാശിനിയുടെ ഗാഢതയായ 0.05 ശതമാനത്തിൽ കൂടുതലായി തളിക്കാൻ കഴിയില്ല. ഒരു ഹെക്ടറിൽ ഒരുതവണ തളിക്കാൻ ഇത്ര കീടനാശിനി വേണം എന്ന കണക്കുണ്ട്. കൂടുതൽ വാങ്ങിച്ചാൽ ഓഡിറ്റിന് ഉത്തരം പറയേണ്ടിവരും. അതുകൊണ്ട് കൃത്യമായി തളിക്കാനേ സാധ്യതയുള്ളൂ.

കൃത്യമായ ഗാഢതയിൽ തളിച്ചാൽ (0.05%-0.075 അഥവാ 1.5-2 മില്ലി/ലിറ്റർ) പ്രദേശവാസികൾക്കോ തൊഴിലാളികൾക്കോ ആരോഗ്യപ്രശ്നങ്ങൾ വരുമോ എന്നതാണ് അടുത്ത ചോദ്യം. കൂടുതലായി ദേഹത്തുകൊണ്ടാലോ ശ്വസിച്ചാലോ തലവേദനയോ ദേഹാസ്വാസ്ഥ്യമോ ഉണ്ടാകാം. കുടിവെള്ള സ്രോതസ്സുകൾ ഫലപ്രദമായി മൂടിയിട്ടില്ലെന്ന് കരുതിയാൽ, വെള്ളത്തിൽ വീഴാൻ സാധ്യതയുണ്ട്. അതു കുടിച്ചാൽ ഇവിടെ ആരോപിക്കുന്നതുപോലെ ഇത്രവ്യാപകമായി ഇത്രയും ആരോഗ്യപ്രശ്നങ്ങൾ വരുമോ, വിഷകാരക ശാസ്ത്രത്തിന്റെ (Toxicology) അടിസ്ഥാനതത്ത്വം തന്നെ ഏതു വിഷത്തിനും ഒരുമാത്ര-ഫലബന്ധം ഉണ്ട് എന്നതാണ്. ഫലം തീരുമാനിക്കുന്നത് വിഷബാധയേറ്റ ജന്തുവിന്റെ ശരീരഭാരത്തിന് ആനുപാതികമായിട്ടാണ്. അതുകൊണ്ടാണ് വിഷശക്തിയുടെ യൂണിറ്റ് മാരകമാത്ര 50 (Lethal Dose 50) പ്രതി കി.ഗ്രാം ശരീരഭാരം എന്ന് രേഖപ്പെടുത്തുന്നത്. അതുപ്രകാരം നിക്കോട്ടിന്റെ LD50 മൂല്യം 1mg/KG ശരീരഭാഗം ആയിരിക്കേ എൻഡോസൾഫാന്റേത് 40-220mg / KG ശരീരഭാരമാണ്. അതായത്, നിക്കോട്ടിൻ എൻഡോസൾഫാനെക്കാൾ 40 മുതൽ 220 മടങ്ങ് വിഷകരമാണ് എന്നർഥം. LD50 മൂല്യം കുറയുന്തോറും വിഷശക്തി കൂടുന്നു.

ഒരു തേയിലക്കൊതുകിന്റെ ശരീരഭാരം 60 മില്ലീഗ്രാമായിരിക്കേ ഒരു മനുഷ്യന്റേത് ശരാശരി 60 കിലോഗ്രാമാണെന്നു കണക്കാക്കിയാൽ മനുഷ്യന് 10 ലക്ഷം ഇരട്ടി ശരീരഭാരമുണ്ടെന്നു കാണാം. ഓരോ ശരീരത്തിനും കുറവ് അളവിലുള്ള വിഷത്തെ കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ട്. നമ്മുടെ ശരീരത്തിലെ മിക്സഡ്‌ ഫങ്‌ഷൻ ഓക്സിഡേസുകൾ എന്ന രാസാഗ്നിക്കൂട്ടം ഏതുതരം വിഷത്തെയും നിർവീര്യമാക്കാൻ ശേഷിയുള്ളതാണ്.

വായുമാർഗേന തളിച്ചുകഴിഞ്ഞാലും തളിച്ച ഗാഢത കൂടുതലല്ലെങ്കിൽ ഏറിപ്പോയാൽ താത്‌കാലിക വിഷബാധയുടെ ലക്ഷണങ്ങൾമാത്രമേ വരുകയുള്ളൂ. ഒരുവർഷം രണ്ടുതവണ തളിക്കുക വഴി ഉഷ്ണമേഖലയിൽ ഒരു കാരണവശാലും ദീർഘകാല വിഷബാധ ഉണ്ടാവുകയില്ലതന്നെ. വായുമാർഗേന തളിച്ചാൽ ലക്ഷ്യസ്ഥാനത്തുവീഴാതെ കീടനാശിനിയുടെ തുള്ളികൾ കൂടുതൽ ദൂരത്തേക്കെത്താം. പക്ഷേ, ദൂരം കൂടുന്തോറും തുള്ളികളുടെ എണ്ണം കുറവായിരിക്കും. അവയ്ക്ക് ഒരു ആരോഗ്യപ്രശ്നവും ഉണ്ടാക്കാൻ കഴിയില്ല.

500-750ppm (Parts per million- ഒരു ദശലക്ഷത്തിന്റെ ഒരംശം) എന്നതോതിൽ തളിച്ചാൽ 7-10 ദിവസത്തിനുള്ളിൽത്തന്നെ അത് വിഘടിച്ച് 2ppm-ലും താഴെയെത്തുമെന്നാണ് പഠനങ്ങൾ കാണിക്കുന്നത്. ഉഷ്ണമേഖലയിലെ മണ്ണിൽ 40-70 ദിവസവും വെള്ളത്തിൽ 20-40 ദിവസം വരെയും മാത്രമേ ഇത് നിലനിൽക്കുകയുള്ളൂ.

എൻഡോസൾഫാൻ വായുമാർഗേന ഓസ്ട്രേലിയയിലും ആഫ്രിക്കയിലും അമേരിക്കയിലും ഒക്കെ തളിച്ചിട്ടുണ്ട്. ആഫ്രിക്കയിൽ ഉറക്കരോഗം പരത്തുന്ന ഈച്ചകളെ കൊല്ലാൻ ജലാശയങ്ങളുടെ അരികിലും ജനവാസമേഖലയിലും വർഷത്തിൽ 5-6 തവണ തളിച്ചിട്ടുണ്ട്. ഓസ്ട്രേലിയയിൽ പരുത്തിക്കൃഷിയിൽ 5-6 തവണ തളിച്ചിട്ടുണ്ട്‌. പിന്നീട് ലോകാരോഗ്യ സംഘടനയുടെ ആഭിമുഖ്യത്തിൽ നടന്ന പഠനങ്ങളിൽ ഇവിടെ അധികമായി ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തിയിട്ടില്ല. (ഫ്രാഗർ & ടെമ്പർലിയുടെ പഠനം). മണ്ണാർക്കാട്ടെ 349 ഹെക്ടർ എസ്റ്റേറ്റിൽ 15 കൊല്ലം തളിച്ചിട്ടുണ്ട്. അവിടെയൊന്നും ഇല്ലാത്ത പ്രശ്നം എങ്ങനെ കാസർകോട്ടുമാത്രം വന്നു എന്നത് അദ്‌ഭുതകരമാണ്.

എൻഡോസൾഫാൻ ശരീരത്തിലുണ്ടാക്കുന്ന വിഷബാധയെക്കുറിച്ച് എത്രയോ പഠനങ്ങളുണ്ട്. പക്ഷേ, അതിൽ ഒന്നുപോലും ഉഷ്ണമേഖലാപ്രദേശത്ത് കീടനാശക ഗാഢതയിൽ തളിച്ചതുമൂലമുള്ളതോ സമാന സാഹചര്യത്തിലുള്ളതോ അല്ല. യൂറോപ്പിലെ പോളിഹൗസ് കൃഷിയിൽ കീടനാശിനി തളിക്കുന്ന വനിതാതൊഴിലാളികളുടെ രക്തത്തിലും മുലപ്പാലിലും പൊക്കിൾക്കൊടിരക്തത്തിലും എൻഡോസൾഫാന്റെ അവശിഷ്ടം കണ്ടെത്തിയിട്ടുണ്ട്. പക്ഷേ, അവിടെ അവരുടെ കുട്ടികളിൽ ആകപ്പാടെ കണ്ടിട്ടുള്ളത് ചില ജനനേന്ദ്രീയപ്രശ്നങ്ങൾ മാത്രമാണ്.

(കേരള കാർഷിക സർവകലാശാലാ

അഗ്രിക്കൾച്ചറൽ എന്റമോളജി

പ്രൊഫസറാണ്‌ ലേഖകൻ)

പുതുമയില്ലാത്ത പഠനങ്ങൾ
ഡോ. സതീഷ് രാഘവന്റെ പഠനത്തിൽ ഒരു പുതുമയുമില്ല. എലികൾക്ക് 3മി.ഗ്രാം/കിലോഗ്രാം ശരീരഭാരം എന്ന നിലയിലാണ് എൻഡോസൾഫാൻ ഭക്ഷണത്തിൽ ചേർത്ത് കൊടുത്തത്. അതുകാരണം ശരീരവ്യൂഹങ്ങൾക്ക് തകരാറുണ്ടായി എന്നാണ് പഠനം. എന്നാൽ, 1950-കളിൽ നടത്തിയ പഠനങ്ങളിൽത്തന്നെ 2മി.ഗ്രാം/ കി.ഗ്രാം ശരീരഭാരം എന്ന തോതിലും കൂടിയാൽ വിഷബാധ ലക്ഷണങ്ങൾ കാണിക്കുമെന്ന് തെളിഞ്ഞിട്ടുണ്ട്. എങ്ങനെ വിഷം ബാധിക്കുന്നു എന്നാണ് സതീഷിന്റെ പഠനത്തിൽ കാണിച്ചിട്ടുള്ളത്. അതിൽ ഞെട്ടാനൊന്നുമില്ല.

ഡോ. മുഹമ്മദ് അഷീൽ ശേഖരിച്ച് സുപ്രീംകോടതിയിൽ സമർപ്പിച്ച പഠനങ്ങളിൽ ബഹുഭൂരിപക്ഷവും കാസർകോട്‌ സാഹചര്യവുമായി ഒരു ബന്ധവുമില്ലാത്തതാണ്. കാർഷിക സാഹചര്യത്തിൽ രോഗങ്ങളൊന്നും ഉണ്ടായിട്ടില്ല എന്നുകാണിക്കുന്ന ഒട്ടേറെ പ്രബന്ധങ്ങൾ മനഃപൂർവം ഒഴിവാക്കിയിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജും എൻ.ഐ.ഒ.എച്ചും കേവലം തളിച്ചതും തളിക്കാത്തതുമായ രണ്ടുഗ്രാമങ്ങൾ മാത്രമാണ് പഠിച്ചത്. ആ രീതിശാസ്ത്രംതന്നെ ശരിയല്ല. അവർ കൂടുതൽ ഗ്രാമങ്ങളെടുത്ത് എപ്പിഡെമിയോളജി പഠനം നടത്തണമായിരുന്നു.

കാസർകോട്ട് മറ്റുസ്ഥലങ്ങളിൽ ഉള്ളതുപോലെമാത്രമേ ആരോഗ്യപ്രശ്നങ്ങൾ ഉള്ളൂ എന്ന് സ്ഥിതിവിവരക്കണക്കുകളും പഠനങ്ങളും കാണിക്കുന്നു. ഇതിൽ ഏറ്റവും പ്രധാനം കേരള ആരോഗ്യവകുപ്പ് നടത്തിയ സമഗ്രമായ അംഗ/മാനസിക പരിമിത സെൻസസാണ് പാവപ്പെട്ട കുട്ടികളെവെച്ചു നിരന്തരമായ പ്രദർശന സമരങ്ങൾ നടത്തി ജനമനസ്സിൽ കൂടുതലായി ആരോഗ്യപ്രശ്നങ്ങളുണ്ട് എന്ന് വരുത്തിത്തീർത്തതാണ്. അന്വേഷണങ്ങൾ നടത്തിയാൽ സത്യം പുറത്തുവരും.

Comments

Popular posts from this blog

Santhosh Iriveri Parootty - നിലനിൽപ്പിന്റെ വേദന

ചേലാകർമ്മം

Bitcoin - Sujith Kumar