Santhosh Iriveri Parootty - നിലനിൽപ്പിന്റെ വേദന

https://www.facebook.com/permalink.php?story_fbid=2715593551802984&id=100000570980376

നിലനിൽപ്പിന്റെ വേദന
ഡിഗ്രിക്ക് പഠിക്കുന്ന കാലം തൊട്ടേ ഡിപ്രഷൻ, ബൈ പോളാർ മൂഡ് ഡിസോർഡർ തുടങ്ങി പല മാനസികരോഗങ്ങൾക്കും ചികിത്സയെടുക്കുന്ന ഒരാളാണ് ഞാൻ എന്ന് മുമ്പ് പല തവണ പറഞ്ഞിട്ടുള്ളതാണ്. പലപ്പോഴും അതൊരു excruciating pain ആണ്. അതനുഭവിച്ചിട്ടുള്ളവർക്കറിയാം അതിന്റെ വേദന. കഴിഞ്ഞ 22 വർഷങ്ങളായി കഴിക്കുന്ന മരുന്നുകളും ഈ രോഗവും എല്ലാം കൂടി പല ശാരീരിക രോഗങ്ങളെയും എനിക്ക് സമ്മാനിച്ചിട്ടുണ്ട്. പലപ്പോഴും ഇതൊന്നും പറയാത്തത് നമ്മുടെ കുടുംബത്തെക്കുറിച്ച് ഓർത്തു മാത്രമാണ്. പലപ്പോഴും ജീവിതം മടുപ്പിക്കുന്ന നരക സമാനമായ അവസ്ഥയാണിത്. അതിതീവ്രമായ സന്തോഷത്തിലേക്കും തൊട്ടടുത്ത നിമിഷം കടുത്ത വിഷാദത്തിലേക്കും അതുമല്ലാതെ stable എന്ന് പറയാവുന്ന അവസ്ഥയിലേക്കും മനസ്സ് ഒരു ക്ലോക്കിലെ പെൻഡുലം ആടുന്ന പോലെ ആടിക്കൊണ്ടിരിക്കുന്ന അവസ്ഥ പറഞ്ഞു മനസ്സിലാക്കിക്കാൻ വലിയ പ്രയാസമാണ്.
അതിനേക്കാൾ ഭീകരമായ വേറൊരു അവസ്ഥയുണ്ട്. വളരെ ഇൻസെൻസിറ്റീവ് ആയ, ഇതിനെക്കുറിച്ചൊന്നും ഒരു ധാരണയുമില്ലാത്ത നമ്മുടെ ചില സഹപ്രവർത്തകരും സുഹൃത്തുക്കളും നടത്തുന്ന കമന്റുകളും വിഡ്ഢിത്തം നിറഞ്ഞ അഭിപ്രായ പ്രകടനങ്ങളുമാണവ. ഇത് എന്നെപ്പോലെയുള്ള ലക്ഷക്കണക്കിന് പേരുടെ അനുഭവമായിരിക്കും എന്നുറപ്പുണ്ട്. ഈ രോഗാവസ്ഥയുള്ള എല്ലാവരും ഇത്തരം പരീക്ഷണങ്ങളിലൂടെ കടന്നു പോയിട്ടുണ്ടാവും. 22 വർഷം മുമ്പേ കേൾക്കുന്ന പരിഹാസവും പുച്ഛ ചിരിയുമൊക്കെ ഇപ്പോഴും കാണാറുണ്ട്. അതൊക്കെ ലൈഫിന്റെ ഭാഗമായി തീർന്നത് കൊണ്ട് മൈൻഡ് ചെയ്യാറില്ല, അല്ലെങ്കിൽ വേദനയോടെ അംഗീകരിക്കും. ജീവിതത്തിൽ ബാക്കിയുള്ളവർക്ക് നിസ്സാരമെന്നു തോന്നുന്ന പലതും ഞങ്ങളെ പോലെ ഉള്ളവർക്ക് ബാലി കേറാ മലയായിരിക്കും. ഫ്രീ ഉപദേശങ്ങൾക്ക് യാതൊരു കുറവും ഉണ്ടാകാറില്ല. യോഗ ചെയ്താൽ മതി, രാവിലെ എഴുന്നേറ്റ് നടന്നാൽ മതി, ജോലി ഭാരം കൊണ്ട് സ്‌ട്രെസ് ഉണ്ടാവുകയാണ്, ഇതൊക്കെ നിന്റെ മനസ്സിന്റെ തോന്നലാണ്...അങ്ങനെ അങ്ങനെ അത് നീണ്ടു പോകും. തീവ്ര വിഷാദത്തിലൂടെ കടന്നു പോകുന്ന പലർക്കും രാവിലെ എന്നത് ഒരു nightmare ആണ്. കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ പോലും കഴിയില്ല. അപ്പോൾ നമുക്ക് പലപ്പോഴും രാവിലെ ഓഫീസിൽത്തന്നെ പോകാൻ കഴിയില്ല, ചിലപ്പോൾ ദിവസങ്ങളോളം. അപ്പോൾ അതൊക്കെ സാധാരണയല്ലേ, ആരായാലും പെട്ടെന്ന് മരിച്ചു പോയാൽ എന്ത് ചെയ്യും എന്നൊക്കെ പറഞ്ഞു സാമാന്യവത്കരിക്കുന്നവരോട് എന്ത് പറയാനാണ്?
നമ്മുടെ ജോലിയിൽ ഈ രോഗം ഉയർത്തുന്ന വെല്ലുവിളി ചെറുതല്ല, വ്യക്തി ജീവിതത്തിലും അതെ. അതിനോട് fight ചെയ്ത് തന്നെയാണ് ഓരോ മിനുട്ടും മുന്നോട്ട് പോവുന്നത്. നമുക്ക് comfortable ആയ ഒരു വർക്കിംഗ് സ്പേസിൽ മാത്രമേ ജോലി ചെയ്യാനാവൂ. അതിനത്യാവശ്യമുള്ള സ്വാതന്ത്ര്യം ജോലിയിൽ ലഭിക്കണം. പലപ്പോഴും അത് കിട്ടാറുമുണ്ട്. ക്ലോക്ക് ടൈം വർക്കിൽ ഞാൻ വിശ്വസിക്കുന്നില്ല. പിന്നെ സന്ധ്യ കഴിഞ്ഞും രാത്രിയിലും ജോലി ചെയ്താൽ പല കുഴപ്പങ്ങളും ഉണ്ട്.
ഒരു സർക്കാർ ജീവനക്കാരൻ ഒരിക്കലും ശമ്പളത്തിന് വേണ്ടി മാത്രം ജോലി ചെയ്യുന്ന ആൾ ആവരുത്. അങ്ങനെ ആണെങ്കിൽ അയാൾ നല്ല ഒരു ജീവനക്കാരനല്ല എന്ന് ഞാൻ പറയും. എന്നെ സംബന്ധിച്ചിടത്തോളം ജോലിയാണ് പാഷൻ. പണം സെക്കന്ററി ആണ്. ശമ്പളത്തിന് വേണ്ടി എന്ന് നിങ്ങൾ ജോലി ചെയ്യാൻ തുടങ്ങുന്നോ അന്ന് മുതൽ ജോലിയിലുള്ള ആത്മാർത്ഥത നിങ്ങൾക്ക് നഷ്ടപ്പെട്ടിരിക്കും. അത് പറയുമ്പോൾ ചിലർ "ഓ, അവനൊരു പണക്കാരൻ" എന്ന് പറഞ്ഞു കളിയാക്കിയേക്കാം. സാരമില്ല, നമ്മൾ ഉത്തരം പറയേണ്ടത് നമ്മുടെ മനഃസാക്ഷിയോട് മാത്രമാണ്. സിനിമ എനിക്ക് ഹരമാണ്. ജോലി ചെയ്തു തീർന്നു കഴിഞ്ഞെങ്കിൽ ഉച്ചയ്ക്ക് ശേഷം ഞാൻ ലീവെടുത്തും ചിലപ്പോൾ സിനിമ കാണാറുണ്ട്. അപ്പോഴും ചിലർ പറയും, "നോക്ക്, സിനിമ കാണുന്നതിനൊന്നും അവനു ഒരു കുഴപ്പവുമില്ല" എന്ന്. എങ്ങനെ മനസ്സിലാവാൻ? ആരെ മനസ്സിലാക്കാൻ?
നിങ്ങൾക്ക് എന്നെപ്പോലുള്ള സുഹൃത്തുക്കളോ സഹപ്രവർത്തകരോ ഉണ്ടെങ്കിൽ അവരുടെ ഭാഗം മനസ്സിലാക്കാൻ ചെറുതായെങ്കിലും ശ്രമിക്കണം. പൂർണ ആരോഗ്യത്തിൽ നിൽക്കുമ്പോൾ ആരോഗ്യം നഷ്ടപ്പെട്ട് നിൽക്കുന്നവന്റെ വേദന മനസ്സിലായെന്നു വരില്ല. മറ്റുള്ളവർ ചെയ്യുന്ന പല പ്രവർത്തികളും ഇത്തരം പ്രശ്നങ്ങളാൽ ചെയ്യാൻ കഴിയാത്തതോർത്ത് അങ്ങേയറ്റം വിഷമിച്ചിട്ടുണ്ട്. പലരുടെയും അർഥം വെച്ച കമന്റുകൾ കേട്ട് രാത്രി കിടന്നു ഒരു പാടു കരഞ്ഞിട്ടുണ്ട്. എന്നാലും അന്നും ഞാൻ സുഖമായുറങ്ങും, കാരണം ഉറങ്ങുന്നതിനു മുമ്പ് ഇന്ന് എന്തെങ്കിലും തെറ്റ് ചെയ്തോ എന്ന് മനഃസാക്ഷിയോട് ചോദിച്ചാൽ ഇല്ല എന്നുള്ള ഉറപ്പുള്ള ഉത്തരം എനിക്ക് കിട്ടിയിരിക്കും.
ഈ രോഗാവസ്ഥയെക്കുറിച്ച് പിന്നീട് വിശദമായി എഴുതണം എന്നുണ്ട്, എന്നെപ്പോലെ കിതച്ചു കിതച്ചു, പലപ്പോഴും ശ്വാസം പോലും കിട്ടാതെ ജീവിതം മുന്നോട്ടു കൊണ്ടു പോകുന്ന അനേകർക്കു വേണ്ടിക്കൂടി. പിന്നെയൊരിക്കലാവാം എന്ന് കരുതുന്നു.
/നന്ദി, നമസ്കാരം/

Comments

Popular posts from this blog

ചേലാകർമ്മം

Bitcoin - Sujith Kumar