സുജിത് കുമാർ - ഒരു നല്ല പേരു നിർദ്ദേശിക്കാമോ

https://www.facebook.com/sujithkrk/posts/1287951911311715

എന്റെ കുഞ്ഞിന് ഒരു നല്ല പേരു നിർദ്ദേശിക്കാമോ? ഫേസ് ബുക്ക്/ വാട്സപ് ഗ്രൂപ്പുകളുലും മറ്റും പൊതുവേ‌ കണ്ടു വരുന്നതാണ്. മതം നോക്കി അച്ഛന്റെയും അമ്മയുടേയും പേരുകളെല്ലാം നോക്കി പ്രാസമൊപ്പിച്ച് തിരക്കുപിടിച്ച് ഏതെങ്കിലും ഒരു പേരിടുന്നത് നിലവിലെ സാഹചര്യത്തിൽ ചിലപ്പോൾ നിങ്ങളുടെ കുഞ്ഞുങ്ങളുടെ ഭാവിയെത്തന്നെ വളരെ മോശമായ രീതിയിൽ ബാധിക്കുന്നതായിരിക്കും. അതിനാൽ എനിക്ക് പറ്റിയ അബദ്ധം മറ്റാർക്കും പറ്റരുതെന്ന് ആഗ്രഹമുള്ളതിനാൽ ഈ വിഷയം ഒരു ചർച്ചയാക്കുവാൻ ആഗ്രഹിക്കുന്നു അതിലേക്കായി പെട്ടന്ന് ഓർമ്മയിൽ വരുന്ന ചില കാര്യങ്ങൾ
1. നിങ്ങളുടെ കുഞ്ഞ് ഭാവിയിൽ ഒരു കിണാശ്ശേരിയിൽ മാത്രം ഒതുങ്ങിക്കഴിയേണ്ടവർ ആണെന്ന് കരുതരുത്. ഒരു ഗ്ലോബൽ വില്ലേജ് എന്ന ആശയത്തോട് നാം അടുത്തുകൊണ്ടിരിക്കുകയാണ് എന്നതിനാൽ പേരിടുന്നതിനു മുൻപ് അതിന്റെ അന്താരാഷ്ട്ര മാനങ്ങൾ കൂടി കണക്കിലെടുക്കേണ്ടതുണ്ട്. ഇതിൽ പ്രായോഗികമായി പല ബുദ്ധിമുട്ടൂകളും ഉണ്ടെങ്കിലും ചുരുങ്ങിയത് മലയാളത്തിലെ ഒരു പേര് ഹിന്ദിയിലെ അശ്ലീലം എങ്കിലും ആകാതെ ഇരിക്കാനെങ്കിലും ശ്രദ്ധിക്കേണ്ടതാണ്. നേരേ‌ തിരിച്ചും ആകാം നമ്മുടെ നാട്ടിൽ ഇപ്പോൾ പണിക്ക് വരുന്ന വടക്കേ‌ ഇന്ത്യൻ ഭായിമാരുടെ ചില പേരുകൾ പരിഹാസ്യമാവുന്നത് ശ്രദ്ധിച്ചിട്ടൂണ്ടാകുമല്ലോ. നമ്മുടെ കൂടെ പഠിച്ചിട്ടുള്ള അല്ലെങ്കിൽ ജോലിചെയ്യുന്ന ചിലർക്കെങ്കിലും പേരിന്റെ പേരിൽ അനുഭവിക്കേണ്ടി വരുന്ന മാനസിക സംഘർഷങ്ങളും അപകർഷതാ ബോധവും ചില്ലറയല്ല.
2. അന്താരാഷ്ട്ര തലത്തിൽ പേരുകളുടെ ഘടനയിൽ മൂന്നു ഭാഗങ്ങളാണുള്ളത് - ഫസ്റ്റ് നേം + മിഡിൽ നേം + സർ നേം. ഇതിൽ മിഡിൽ നേം ഒപ്ഷണൽ ആണെങ്കിലും ഫസ്റ്റ് നേമും സർ നേമും പലയിടത്തും നിർബന്ധമാണ്. ലാസ്റ്റ് നേം ഇല്ലാതെ പാസ്പോർട്ട് എടുക്കാൻ പറ്റില്ല. അതിനാൽ പല മലയാളികളുടേയും ലാസ്റ്റ് നേം അച്ചന്റെയോ അമ്മയുടേയോ രണ്ടുപേരുടേയുമോ അതുമല്ലെങ്കിൽ വീട്ടുപേരോ ആയിരിക്കും. ആ പേരുകളിൽ വിളിക്കപ്പെടുന്നത് അത്ര സുഖമുള്ള ഏർപ്പാടല്ലല്ലോ.
3. സാങ്കേതികമായും പേരുകൾ പൊല്ലാപ്പുകൾ ഉണ്ടാക്കാറുണ്ട്. ഉദാഹരണമായി Null എന്ന് ഫസ്റ്റ് നേം വരുന്ന ഒരു കക്ഷിയ്ക്ക് എയർ ടിക്കറ്റ് ബുക്ക് ചെയ്യാൻ പറ്റാതിരുന്ന കഥ കുറച്ച് നാളുകൾക്ക് മുൻപ് മാദ്ധ്യമങ്ങളിൽ വാർത്തയായിരുന്നു. അതായത് കമ്പ്യൂട്ടറിന്റെ ഡാറ്റാബേസ് ഭാഷയിൽ Null എന്നത് ഒരു ശൂന്യത്തെ സൂചിപ്പിക്കുതാണ്. അതായത് First can not be Null എന്ന് പ്രോഗ്രാമിൽ നിഷ്കർഷിച്ചിട്ടുണ്ടെങ്കിൽ Null എന്ന് ഫസ്റ്റ് നേം ആയി വരുന്ന ഒരാൾക്ക് ഒരിക്കലും തന്റെ പേരിൽ പ്രസ്തുത ഡാറ്റാബേസിൽ ചേർക്കാനാകില്ല. ശിവസുബ്രഹ്മണ്യ ഹരിരാമചന്ദ്ര എന്നൊക്കെ പേരിട്ടാൽ ചിലപ്പോൾ പല ഓൺലൈൻ ഫോമുകളും പൂരിപ്പിയ്ക്കാൻ കോളം തികയാതെ വരും.
4 കേരളത്തിലുള്ളവർ നേരിടുന്ന മറ്റൊരു പൊല്ലാപ്പാണ് ഇനീഷ്യലുകൾ. ഇനീഷ്യൽ എന്നു പേരും ഇട്ട് ഏതെങ്കിലും ഒന്നോ രണ്ടോ അക്ഷരങ്ങൾ പേരിന്റെ അവസാനം ചേർക്കുന്ന അപൂർവ്വം ചില ഇടങ്ങളിൽ ഒന്നാണ് നമ്മുടെ നാട്. ഔദ്യോഗിക രേഖകളിൽ എല്ലാം Anoop A, Ajith K, Rajesh MV അങ്ങിനെ ABCD കളികളാണ് അധികവും. പാൻ കാർഡ്, പാസ്പോർട്ട് എന്നിവയിലൊന്നും ഈ ABCD ഇനീഷ്യൽ കളികൾ നടക്കില്ല. അതായത് പാസ്പോർട്ട് പാൻ കാർഡ് അപേക്ഷകളിൽ സർനേം ഫസ്റ്റ് നേം എന്നിവ വെറും ഒറ്റ അക്ഷരങ്ങൾ സ്വീകര്യമാവുന്നില്ല. നമ്മുടെ നാട്ടീലെ 'ഇനീഷ്യലിനെ' ഒരു സർ നേം ആയി കണക്കാനാകില്ല എങ്കിലും ഈ കാരണങ്ങളാൽ എല്ലാവരും ഇനീഷ്യലിന്റെ പൂർണ്ണ രൂപത്തെ സർനേം ആയി എഴുതാൻ നിർബന്ധിതരാകുന്നു. അത് മറ്റ് ചില പ്രശ്നങ്ങൾക്ക് വഴി തെളിക്കുന്നു. എന്റെ ഒരു സുഹൃത്തിന്റെ പേര് അജിത് പുതുശ്ശേരി വീട്ടിൽ. അവൻ ഇപ്പോൾ പല രേഖകളിലും അറിയപ്പെടുന്നത് 'SP വീട്ടിൽ' എന്ന പേരിലാണ്. ഹലോ മിസ്റ്റർ വീട്ടീൽ എന്നെല്ലാം ചിലർ അഭിസംബോധന ചെയ്തു കളയും. മറ്റു ചിലരാകട്ടെ അച്ഛന്റെയും അമ്മയുടേയും പേരിൽ വിളിക്കപ്പെടും. അനൂജ് S എന്ന സുഹൃത്തിനെ അറിയപ്പെടുന്നത് ' A സരസ്വതി' എന്നാണ്. അമ്മയുടെ പേരാണ് സരസ്വതി. ഉത്തരേന്ത്യയിൽ സരസ്വതി എന്നത് ഒരു ടൈറ്റിൽ ആയതിനാൽ വിളിക്കുന്നവർക്ക് യാതൊരു സംശയവും ഇല്ല താനും. മലയാളത്തിലെ ചില പേരുകൾ ഹിന്ദിയിലും മറ്റു ഭാഷകളിലും സർനേം അഥവാ ടൈറ്റിൽ നേം ആണ്. ഉദാഹരണത്തിന് ഒരാൾക്ക് യാദവ് കുമാർ എന്ന് പേരിട്ടാൽ മലയാളത്തിൽ അത്ഭുതം ഒന്നും തോന്നില്ല. കൃഷ്ണന്റെ പര്യായമായ മനോഹരമായ പേര്. പക്ഷേ ഉത്തരേന്ത്യയിൽ എത്തുമ്പോൾ പേരെന്താണെന്ന് ചോദിച്ചാൽ 'യാദവ്' എന്ന് മറുപടി പറഞ്ഞാൽ എങ്ങിനെ ഇരിക്കും എന്നു കൂടി ചിന്തിച്ച് നോക്കുക.
5. ഏത് ഭാഷയിൽ ആണെങ്കിലും ഉച്ചരിക്കാൻ ലളീതമായ പേരുകൾ ആണ് കൂടുതൽ അനുയോജ്യം. അച്ഛന്റെ പേർ ധ്രുതരാഷ്ട്രരും മോന്റെ പേര് ദ്രുഷ്ഠദ്യുമ്നനുമെല്ലാം ആകുമ്പോൾ പലരും കുഴഞ്ഞ് പോകും. അവസാനം വല്ല ഇരട്ടപ്പേരും ആയി 'ഷിബു' എന്നോ 'ശശി' എന്നോ വിളിക്കപ്പെടുകയും ചെയ്യും. ഏതു പേരിൽ ആണോ വിളിക്കപ്പെടാനും വിളിക്കാനും ആഗ്രഹിക്കുന്നത് അത് സർ നേം ആയി ഇടുന്നതാണ് കൂടുതൽ നല്ലത്. ഉദാഹരണത്തിന് കിരൺ എന്നാണ് ഒരു കുട്ടിയെ വിളിക്കാൻ ആഗ്രഹിക്കുന്നത് എങ്കിൽ രവി കിരൺ എന്നിടുക. അച്ഛന്റെ പേരും അമ്മയുടെ പേരുമെല്ലാം ഒരു വാലായോ സർ നേം ആയോ കൂട്ടിച്ചേർക്കുന്നത് ഭാവിയിൽ പല പ്രശ്നങ്ങൾക്കും വഴി തെളിയ്ക്കും.
6. കേരളത്തിൽ പേരിന്റെ കൂടെ ജാതി വാൽ തൂക്കിയിടുന്നത് സവർണ്ണർ മാത്രമാണ്. പക്ഷേ എഴുപതുകളിൽ അവസാനിക്കാൻ തുടങ്ങിയ ഈ അശ്ലീലം പൂർവ്വാധികം ശക്തിയോടെ നമ്മുടെ നാട്ടിൽ തിരിച്ചു വരാൻ തുടങ്ങിയിട്ടൂണ്ട്. ഉത്തരേന്ത്യയിൽ ടൈറ്റിൽ നോക്കിത്തന്നെ ജാതി മനസ്സിലാക്കാൻ കഴിയും. ഇപ്പോഴും മനുസ്മൃതി ഭരണഘടനയായി കൊണ്ടു നടക്കുന്ന സമൂഹത്തിൽ ഒരു നൂറു വർഷമെടുത്താലും ഇതെല്ലാം തുടച്ച് മാറ്റപ്പെടുമെന്ന് കഴിയാനാകില്ല.
7. പേരുകളും ഇനീഷ്യലുകളും ചേരുമ്പോൾ മോശമായ അർത്ഥങ്ങൾ വരുന്ന പദങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക. ഉച്ചരിക്കുമ്പോൾ പദവിന്യാസങ്ങളുടെ പ്രത്യേകതയാൽ മറ്റ് അർത്ഥങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക. Bose എന്ന പേരും DK എന്ന ഇനീഷ്യലും കാരണം പേരു പറയാൻ മടിക്കുന്നവരുടെ എണ്ണം കുറവല്ല. പ്രത്യേകിച്ച് Delhi Belly എന്ന സിനിമ ഇറങ്ങിയതിനു ശേഷം പ്രത്യേകിച്ചും.
8. നിങ്ങൾക്ക് എത്ര പ്രിയപ്പെട്ടവരായാലും ആരാദ്ധ്യ പുരുഷന്മാരായാലും മഹദ് വ്യക്തികളുടെ പേരുകൾ ഒഴിവാക്കുക. ഡീമോണറ്റൈസേഷൻ കാലത്ത് എ ടി എം ക്യൂവിൽ വച്ച് ജനിച്ച ഒരു കുഞ്ഞിന് വീട്ടുകാർ ഇട്ട പേർ 'ഖജാൻജി' ഇപ്പോൾ കേൾക്കാൻ കൗതുകമുണ്ടെങ്കിലും ആ കുഞ്ഞിനോട്‌അവന്റെ മാതാപിതാക്കൾ എത്ര വലിയ അന്യായമാണ് ചെയ്തിരിക്കുന്നതെന്ന് ചിന്തിച്ചു നോക്കുക. ഭാവിയിൽ ഖജാൻജി എന്ന പേരിൽ വിളിക്കപ്പെടുന്നത് അത്ര സുഖമുള്ള കാര്യമാണോ?
9. കുഞ്ഞുങ്ങൾക്ക് കൗതുകകരമായ പേരുകൾ പലപ്പോഴും അല്പം മുതിർന്നവർക്ക് നല്ലതായി തോന്നണം എന്നില്ല. കുഞ്ഞുങ്ങൾ ജീവിത കാലം മുഴുവൻ കുഞ്ഞുങ്ങളായിത്തന്നെ ഇരിക്കണം എന്ന സ്വാർത്ഥത ഒഴിവാക്കുക.
10 . വളരെ സാധാരണമായിട്ടുള്ള പേരുകൾ ഒഴിവാക്കുക. കേരളത്തിൽ എവിടെയെങ്കിലും പോയി ' രാജേഷേ...' എന്നൊന്ന് വിളിച്ചാൽ നാലു പേരെങ്കിലും തിരിഞ്ഞ് നോക്കും. ഇത് പല ആശയക്കുഴപ്പങ്ങൾക്കും ഇടവരുത്തും. ഒരേ ക്ലാസിലും ഓഫീസിലുമെല്ലാം നാലും അഞ്ചും രാജേഷുമാർ ഉണ്ടാകുമ്പോൾ പേരിനോട് ചേർന്ന് ഇരട്ടപ്പേരുകൾ സ്വാഭാവികമായും ഉണ്ടാകും/
11 ഇക്കാലത്ത് ഒരു പേരിന്റെ അർത്ഥവും സാങ്കേതികതയും എല്ലാം ഇന്റർനെറ്റിന്റെ സഹായത്തോടെ വളരെ എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയും എന്നതിനാൽ അല്പം ശ്രദ്ധിച്ചാൽ നിങ്ങളുടെ കുഞ്ഞുങ്ങൾക്ക് അവരുടെ പേര് ഒരു ബാദ്ധ്യതയും തലവേദനയും ആയി മാറാതിരിക്കാൻ കഴിയും.
12. ചില കാര്യങ്ങൾ നമ്മുടെ നിയന്ത്രണത്തിൽ ആകണമെന്നില്ല - ഉദാഹരണത്തിന് ഒരു കുട്ടിയുടേ പേര് സണ്ണി ലിയോൺ എന്ന് ആണെങ്കിൽ പലയിടത്തും ആ പേരിന്റെ പേരിൽ മാത്രം എന്തുമാത്രം മനോ വിഷമം ആ കുട്ടി അനുഭവിക്കേണ്ടി വന്നിട്ടുണ്ടാകും? ഇവിടെ കുഞ്ഞിന്റെ പേരിൽ ഭാവിയിൽ ഒരു പോൺ സ്റ്റാർ ഉണ്ടായേക്കും എന്ന് മുൻകൂട്ടി കാണാൻ കഴിയില്ലല്ലോ. ഒരു കാലത്ത് നമ്മുടെ കേരളത്തിൽ തന്നെ പെണ്ണിന്റെ പേര് ഷക്കീല എന്നായതു കൊണ്ടു മാത്രം വിവാഹം മുടങ്ങിയതിനെക്കുറിച്ചുള്ള വാർത്തകൾ വന്നിരുന്നു.
13. പേരിന്റെ ആദ്യ ഭാഗത്തിന്റെ അവസാന അക്ഷരവും രണ്ടാം ഭാഗത്തിന്റെ ആദ്യ അക്ഷരവും സ്വരാക്ഷരങ്ങളോ ഒരേ അക്ഷരങ്ങളോ ആകാതിരിക്കാൻ ശ്രദ്ധിക്കുക.
14. ആൺകുട്ടീയാണൊ പെൺകുട്ടിയാണോ എന്ന ആശയക്കുഴപ്പം ഉണ്ടാകുന്ന പേരുകൾ ഒഴിവാക്കുക.
15. . കുഞ്ഞുങ്ങളുടെ അവകാശങ്ങൾക്ക് വലിയ വിലകൽപ്പിക്കുന്ന ന്യൂസിലാൻന്റിൽ മാതാപിതാക്കൾക്ക് തങ്ങളുടെ ഇഷ്ടപ്രകാരം എന്തു പേരും ഇടാൻ അവകാശമില്ല. 'താലുല ദസ് ദ ഹുല' എന്ന് പേരുള്ള കുട്ടിയുടേ പേരു മാറ്റാൻ ന്യൂസിലാൻന്റ് കോടതി ഉത്തരവിട്ടിരുന്നു. കൂട്ടുകാരികളെല്ലാം പേരിനെ കളിയാക്കുന്നതിനെത്തുടർന്നുള്ള മനോവിഷമം കോടതിയിൽ എത്തിയപ്പോൾ ആണ് കോടതി മാതാപിതാക്കളോട് പേരു മാറ്റാൻ ആവശ്യപ്പെട്ടത്.
16. പല രാജ്യങ്ങളിലും നേമിംഗ് ലോ നിലവിലുണ്ട്. ഉദാഹരണമായി 2006 ൽ മലേഷ്യൻ ഗവണ്മെന്റ് പഴങ്ങൾ, പച്ചക്കറികൾ, പക്ഷികൾ മറ്റു ജന്തുക്കൾ എന്നിവയുടെ പേരുകൾ കുഞ്ഞുങ്ങൾക്കിടുന്നത് നിയമപരമായി വിലക്കിയിരിക്കുന്നു. ന്യൂസിലാന്റിലാകട്ടെ സർക്കാർ പദവികളും പോലീസ്/ മിലിട്ടറി റാങ്കുകളുമൊന്നും പേരായി ഉപയോഗിക്കാനാകില്ല. അതായത് നമ്മുടെ നാട്ടീലേതുപോലെ സുബേദാർ സിംഗും...... ഒന്നും നടക്കില്ലെന്ന് സാരം. അമേരിക്കയിൽ പലയിടത്തും പേരിന്റെ നീളത്തിനും പരിധി നിർണ്ണയിച്ചിരിക്കുന്നു. ഇന്ത്യയിൽ ഇത്തരത്തിൽ യാതൊരു വിധ നിബന്ധനകളും ഇല്ല രക്ഷാ കർത്താക്കൾക്ക് തങ്ങളുടെ കുഞ്ഞിന് അവരവർക്ക് ഇഷ്ടമുള്ള ഏത് പേരു നൽകുന്നതിനും പ്രത്യേകിച്ച് നിയമപരമായി നിബന്ധനകൾ ഒന്നും തന്നെയില്ല. ഇന്ത്യയിൽ ആർക്കും എന്ത് പേരു വേണമെങ്കിൽ ഉപയോഗിക്കാം. അതുകൊണ്ടു തന്നെ വളരെ രസകരമായതും ഏറെ വൈവിദ്ധ്യം നിറഞ്ഞതുമായ പേരുകൾ നമ്മുടെ നാട്ടിൽ കാണാൻ കഴിയും. ഒരു നാഷണൽ നേമിംഗ് പോളിസി ഇല്ലെങ്കിലും പേരുകൾ പലപ്പോഴും പൊല്ലാപ്പാകാറുണ്ട്. ഇപ്പോൾ ആധാർ കാർഡ് ഇൻകം ടാക്സ് അക്കൗണ്ടുമായി ബന്ധിപ്പിക്കുണമെന്ന നിബന്ധന പലർക്കും വലിയ തലവേദന ആയിരിക്കുകയാണല്ലോ. പാൻ കാർഡിലും ആധാർ കാർഡിലും ഉള്ള പേരിന്റെ ഘടനനയിൽ ഉള്ള വ്യത്യാസത്താൽ പലർക്കും ആധാർ നമ്പർ നമ്പർ ഇൻകം ടാക്സ് അക്കൗണ്ടുമായി ബന്ധിപ്പിക്കാൻ കഴിയുന്നില്ല. ഇന്ത്യയിൽ പാൻ കാർഡ് എടുക്കണമെങ്കിൽ ഫസ്റ്റ് നേമും സർനേമും നിർബന്ധമാണ്. അതായത് ലാസ്റ്റ് നേം ഇല്ലാത്ത ഒരാൾക്ക് പാൻ കാർഡ് എടുക്കാൻ കഴിയില്ല. പാസ്പോർട്ടിലും ഇതുപോലെത്തന്നെ. ജനന രജിസ്ട്രേഷൻ സമയത്ത് ഇത്തരത്തിൽ യാതൊരു നിബന്ധനകളും ഇല്ലാത്തതിനാൽ പലർക്കും ലാസ്റ്റ്നേം എന്ന ഒന്ന് ഉണ്ടായിരിക്കണമെന്നില്ല.
17. ഒരു പേരിൽ എന്തിരിക്കുന്നു എന്ന ഷേക്സ്പിയർ വചനം വേറുതേ ഒരു രസത്തിനു പറയാൻ കൊള്ളാം എന്നതല്ലാതെ ഒരു പേരിൽ പലതും ഇരിക്കുന്നുണ്ട്. ഒരു നാഷണൽ നേമിംഗ് പോളിസി ഇല്ലാത്തതിനാലും വളരെ ലാഘവത്തോടെ കുഞ്ഞുങ്ങൾക്ക് പേരിടുന്നതിനാലും പലപ്പോഴും ആവശ്യത്തിനും അനാവശ്യത്തിനും അഫിഡവിറ്റുകൾ ഉണ്ടാക്കേണ്ട ഗതികേടിലാണ് നമ്മളിൽ പലരും.
ഇതൊരു വൈകി വന്ന വിവേകമാണ്... ചെറിയ പേരുകൾ ഇഷ്ടമുള്ള ഞാൻ എന്റെ മക്കൾക്ക് പേരിട്ടപ്പോഴും സെക്കന്റ് നേം ഒഴിവാക്കി. അത് വലിയ മണ്ടത്തരം ആയിപ്പോയി എന്ന് ഇപ്പോൾ തോന്നുന്നു.

Comments

Popular posts from this blog

Santhosh Iriveri Parootty - നിലനിൽപ്പിന്റെ വേദന

ചേലാകർമ്മം

Bitcoin - Sujith Kumar