ദീപക് ശങ്കരനാരായണൻ - സംവരണവിരുദ്ധതയുടെ രാഷ്ട്രീയം.

സംവരണവിരുദ്ധതയുടെ രാഷ്ട്രീയം.

ദീപക് ശങ്കരനാരായണൻ

DECEMBER 5, 2017

“Uniform treatment of unequals is as bad as unequal treatment of equals”

ഈ ലേഖനം ശ്രമിക്കുന്നത് സംവരണത്തിന്റെ യുക്തിയെയോ അതിന്റെ ചരിത്രപശ്ചാത്തലത്തെയോ വിശദീകരിക്കാനല്ല, മറിച്ച് സംവരണവിരുദ്ധതയുടെ സാമൂഹ്യ-സാമ്പത്തിക-സാംസ്കാരിക യുക്തികളെ പരിശോധിക്കാനാണ്. സംവരണത്തിന്റെ യുക്തി ഒരു പശ്ചാത്തലമായി പ്രവർത്തിക്കും എന്നേയുള്ളൂ.

എന്തിനല്ല സംവരണം:

സംവരണം ഒരു ക്ഷേമപദ്ധതിയല്ല. അതിന് അർഹരാവുന്നവരുടെ വ്യക്തിപരമോ സാമൂഹ്യമോ പോലുമായ സാമ്പത്തിക ഉന്നമനം സംവരണത്തിന്റെ യുക്തിപരമായ പരിധിയിൽ വരുന്ന വിഷയമേയല്ല.
സാമൂഹ്യമായ കാരണങ്ങളാൽ പരാധീനത അനുഭവിക്കുന്ന വിഭാഗങ്ങൾക്ക് -  അഥവാ ചരിത്രത്തിന്റെ കാലമാനകങ്ങളിൽപ്പോലും അസാമാന്യമാം വിധം നീണ്ട ഒരു കാലയളവിലെ നിരന്തരവും സമ്പൂർണ്ണവുമായ  വിവേചനത്തിന് വിധേയരാകേണ്ടിവന്നതുമൂലം സാമൂഹ്യപുരോഗതിയുടെ ഗുണഫലങ്ങൾ അനുഭവിക്കുന്നതിൽനിന്ന് സാമൂഹ്യമായി മാറ്റിനിർത്തപ്പെട്ടവർക്ക് - രാഷ്ട്രീയസമൂഹം ചെയ്യാൻ ബാദ്ധ്യതപ്പെട്ട പ്രതിവിവേചനം (Corrective  Discrimination / Reverse Discrimination) ആണ് സംവരണം. സാമൂഹ്യമായ കാരണങ്ങളാൽ സോഷ്യൽ മൊബിലിറ്റി നിഷേധിക്കപ്പെട്ട വിഭാഗങ്ങൾക്ക് ഇന്ത്യയിലെ സ്ഥായിയായ അധികാരഘടനയുടെ ഏറ്റവും പ്രധാന കണ്ണിയായ സർക്കാർ ഉദ്യോഗസ്ഥസംവിധാനങ്ങളിലും ജനപ്രതിനിധിസഭകളിലും നീതിന്യായസംവിധാനങ്ങളിലും ചുരുങ്ങിയ പ്രാതിനിധ്യമെങ്കിലും ഉറപ്പുവരുത്താനുള്ള, സഹസ്രാബ്ദങ്ങളോളം നീണ്ടുനിന്ന ജാതിവ്യവസ്ഥയെന്ന നൂറുശതമാനം സവർണ്ണസംവരണത്തിനുള്ള,  ഭരണഘടനാപരമായ പ്രതിനടപടിയാണത്.

സാമൂഹ്യപുരോഗതിയുടെ ഗുണഭോക്താക്കൾ എന്ന നിലയിൽ പ്രത്യേകാവകാശങ്ങളുള്ള (Privileged) ജാതികൾ സഹസ്രാബ്ദങ്ങൾ അനുഭവിച്ച ഗുണഫലങ്ങളുടെയും നിരന്തരമായി തുടർന്ന വിവേചങ്ങളുടെയും അനന്തരഫലമാണ് അവരിന്ന് അനുഭവിക്കുന്ന സാമൂഹികവും സാംസ്കാരികവുമായ ആധിപത്യം. അതിനെ പൂർണ്ണമായും തുല്യപ്പെടുത്താതെ  സമത്വമെന്ന സാംസ്കാരിക-രാഷ്ട്രീയ ആശ്യത്തിന് അന്തിമമായ പ്രസക്തിയില്ല. അതിനുള്ള ഒരു മാർഗ്ഗം സാമൂഹ്യതുല്യത ആർജ്ജിക്കുന്നതുവരെയുള്ള സമ്പൂർണ്ണമായ പ്രതിവിവേചനമാണ്. നിലവിലുള്ള പ്രതിവിവേചനമാകട്ടെ നാമമാത്രവും സ്റ്റാറ്റിസ്റ്റിക്കലി അപര്യാപ്തവുമാണ്.

സത്യത്തിൽ അക്കാര്യത്തിൽ ഔദാര്യം പറ്റുന്നത് സവർണ്ണവിഭാഗങ്ങളാണ്. സാമൂഹ്യാധികാരഘടനയിലെ എല്ലാ ശ്രേണികളിലുമുണ്ടായിരുന്ന  നൂറുശതമാനം വിവേചനത്തിന് അവർക്ക് പകരമായി അനുഭവിക്കേണ്ടിവരുന്നത് ചെറിയ ഒരു ശതമാനം സംവരണം മാത്രമാണ്. മറ്റു വാക്കുകളിൽ പറഞ്ഞാൽ സംവരണം വഴി ചരിത്രപരതയുടെ തോതിലുള്ള പ്രതിവിവേചനത്തിൽനിന്ന് പ്രിവിലേയ്ജ്ഡ് സമൂഹങ്ങളെ സ്റ്റേയ്റ്റ് രക്ഷിക്കുകയാണ് ചെയ്യുന്നത്. പ്രതിവിവേചനം,  വിവേചനത്തിന്റെ തോതും കാലയളവും നോക്കിയാൽ, തുലോം തുച്ഛവും അപ്രസക്തവുമാണ്. ആ അർത്ഥത്തിൽ നിലവിലുള്ള സംവരണത്തിന്റെ ഗുണഭോക്താക്കൾ സവർണ്ണരാണ്!

പ്രിവിലേയ്ജ്ഡ് സമൂഹങ്ങളിൽ ദാരിദ്ര്യമുണ്ടെങ്കിൽ അതിന്റെ കാരണം ഒട്ടും സാമൂഹ്യമല്ലതന്നെ. എന്നാൽ വിവേചനത്തിന്റെ ഇരകളുടെ സാമൂഹിക-സാംസ്കാരിക-സാമ്പത്തിക-മാനസിക-ശാരീരികാവസ്ഥകളിൽ വരുന്ന ഏത് പ്രശ്നങ്ങളിൽ നിന്നും അവരനുഭവിച്ച വിവേചനത്തിന്റെ  ചരിത്രത്തെ മാറ്റിനിർത്താൻ കഴിയില്ല. അതായത് പ്രതിവിവേചനം അവസ്ഥയെയല്ല കാരണത്തെയാണ് അഡ്രസ് ചെയ്യേണ്ടത്. സാമ്പത്തികമായ പതിതാവസ്ഥ ഒരു വെൽഫെയർ പ്രശ്നമാണ്. താരതമ്യത്തിൽ, രാഷ്ട്രീയമായി, തുലോം ചെറുത്. അതിനെ നേരിടേണ്ടത് ക്ഷേമപദ്ധതികൾ വഴിയാണ്. സർക്കാരിലെ തൊഴിൽസം‌വരണം ഒരു ക്ഷേമപദ്ധതിയല്ല, ധനാത്മകമായ പ്രതിവിവേചനമാണ്.

ആശയങ്ങളുടെയും ജ്ഞാനത്തിന്റെയും ആർജ്ജിതവിജ്ഞാനത്തിന്റെയും ഉറവിടങ്ങളിലേക്കും കലവറകളിലേക്കും നിർമ്മാണപ്രക്രിയയിലേക്കുമുള്ള പ്രാപ്യത നിഷേധിച്ചും ചിന്തകളുടെയും ചിന്താപദ്ധതികളുടെയും തുടർച്ചകൾ നിഷേധിച്ചും ബഹുഭൂരിപക്ഷം മനുഷ്യരെ അവരുടെ ശാരീരികശേഷിയുടെയും അധികാരത്തിന്റെ കണ്ണിൽ താരതമ്യേന  വിലകെട്ട കുലത്തൊഴിൽ അറിവുകളുടെയും മാത്രം ശേഖരങ്ങളാക്കി മാറ്റി അതിന്റെയൊക്കെ മുകളിൽ വിധിവിശ്വാസത്തിന്റെ ആണികൾ അടിച്ച് ഉറപ്പിച്ചെടുത്ത സഹസ്രാബ്ദങ്ങളുടെ  അടിമത്തത്തിന്, വിവേചനത്തിന്റെ താരതമ്യത്തിൽ, കൊടുക്കേണ്ട അതിനിസ്സാരമായ വില.

വാമൊഴിക്കപ്പുറത്തുള്ള എന്തിന്റെയും തുടർച്ചകളുടെ നിഷേധമായിരുന്നു ജാതിവ്യവസ്ഥ അവർണ്ണർക്ക്. തുടർച്ചക്ക് ഏറ്റവും അനിവാര്യമായ അക്ഷരജ്ഞാനം പോലും ഭൂരിപക്ഷം ഭൃത്യജാതികൾക്കും അപ്രാപ്യമായിരുന്നു.  അവരുടെ അറിവുകൾപോലും അവർക്കറിയാത്ത, പഠിക്കാൻ അനുവാദമില്ലാത്ത, ഒരു ഭാഷയിൽ ഡോക്യുമെന്റ് ചെയ്യപ്പെട്ടു. ആ അറിവുകളുടെപ്പോലും ഉടമസ്ഥതയും തുടർച്ചയും മേൽജാതിക്കാർ കയ്യാളി. അതുകൊണ്ടുതന്നെ കൗണ്ടർ ഹെജമണി നിർമ്മിതിയുടെ ഒരു ഭാഗമെന്ന നിലയിൽ ഫലപ്രദമായ പ്രതിവിവേചനം ആദ്യം ലക്ഷ്യം വക്കേണ്ടതും അതിന്റെ ലക്ഷ്യസമൂഹങ്ങളിൽ തുടർച്ചകൾ നിലനിർത്തുന്നതിനെയാണ്.

സാമൂഹ്യനീതി നിമിഷങ്ങളിലെ കേവലശരികളിൽ വർത്തിക്കുന്ന ഒന്നല്ല. അതിനൊരു ചരിത്രപരതയുണ്ട്. പ്രതിവിവേചനത്തിന് വിവേചനത്തിന്റെ ചില രീതികളെയെങ്കിലും കടമെടുക്കേണ്ടിവരും. അതിലൊന്നാണ് തൊഴിൽ സംവരണം. അതേസമയം പ്രതിവിവേചനം ഒട്ടും പ്രതികാരപരമല്ല. വ്യക്തിപരത അതിൽനിന്ന് പൂർണ്ണമായും ഒഴിവാക്കപ്പെടേണ്ടതുമാണ്.  അധികാരഘടനയിൽ തുല്യമായ പ്രാതിനിധ്യവും പ്രതിവിവേചനത്തിന്റെ അഭാവത്തിൽത്തന്നെ ആ പ്രാതിനിധ്യത്തിന്റെ തുടർച്ചയും കൈവരിക്കുന്ന കാലം വരെ മാത്രമേ അത് തുടരേണ്ടതുമുള്ളൂ.

പ്രതിവിവേചനം ഇന്ത്യയിൽ മാത്രമുള്ള ഒന്നല്ല. സാമൂഹ്യമായ വൈവിദ്ധ്യങ്ങളെയും വൈരുദ്ധ്യങ്ങളേയും അഭിമുഖീകരിക്കുന്ന പല  ജനാധിപത്യസമൂഹങ്ങളിലും അതിന്റെ പല രൂപങ്ങൾ വ്യാപകമായി നടപ്പിലാക്കപ്പെടുന്നുണ്ട്. ജനപ്രതിനിധികളുടെ തെരഞ്ഞെടുപ്പിലും എകാഡെമിക് ഇൻസ്റ്റിയൂഷനുകളിലെയും ഗവണ്മെന്റ് തൊഴിലുകളിലുമുള്ള ക്വാട്ട, അതായത് നമ്മുടെ സംവരണം, അതിൽ പ്രധാനപ്പെട്ട ഒന്നാണ്. Positive Discrimination, Compensatory Discrimination, Protective Discrimination, Reverse  Discrimination, Reservation, Affirmative Action എന്നിങ്ങനെ പല പേരുകളിൽ പല രാജ്യങ്ങളിൽ പ്രതിവിവേചനത്തിന്റെ പല രൂപങ്ങൾ നിലവിലുണ്ട്. ഇവയെല്ലാം തന്നെ അഡ്രസ് ചെയ്യുന്നത് ചരിത്രപരമായ കാരണങ്ങളാൽ വിവേചനം അനുഭവിച്ച സാമൂഹ്യവിഭാഗങ്ങൾക്കുവേണ്ടി വിവേചനം അനുഭവിച്ചിട്ടില്ലാത്ത - അതായത് വിവേചനത്തിന്റെ ഫുണഫലങ്ങൾ അനുഭവിക്കുകയും അതിന്റെ സാമൂഹിക,രാഷ്ട്രീയ,സാംസ്കാരിക മൂലധനം അക്യുമുലേയ്റ്റ് ചെയ്യുകയും ഇപ്പോൾ ആ മൂലധനം അനുഭവിക്കുകയും ചെയ്യുന്ന - ജനവിഭാഗത്തിനെ വിവേചനവുമായി ഒരു താരതമ്യവും ഇല്ലാത്തവിധം ചെറുതായ അനുപാതത്തിൽ പ്രതിവിവേചനം നടത്തുക എന്നതാണ്.

വികസിതസമൂഹങ്ങളിലെവിടെയും പ്രതിവിവേചനത്തിന് പ്രത്യേകിച്ച് സാമ്പത്തിക മാനദണ്ഡങ്ങളൊന്നും പൊതുവെ ഇല്ല. (വെൽഫെയർ നടപടികൾക്ക് സാമ്പത്തികമാനദണ്ഡങ്ങൾ ഉണ്ടുതാനും) പിന്നെയാണ് ആദ്യമായും അവസാനമായും വെറും ഒരു ജാതി സമൂഹമായ ഇന്ത്യയിൽ പ്രതിവിവേചനത്തിന് സാമ്പത്തികമാനദണ്ഡം നടപ്പിലാക്കുന്നത്!  തനിക്ക് ഭക്ഷണം വിളമ്പില്ലെന്ന് പറഞ്ഞ റെസ്റ്ററന്റ് ജീവനക്കാരനോട് താൻ ലോക ഹെവി വെയ്റ്റ് ബോക്സിങ് ചാമ്പ്യനാണെന്ന് കൂടെയുണ്ടായിരുന്ന സുഹൃത്ത് അറിയിച്ചപ്പോൾ “So what, nigger?” എന്ന് മറുപടി കേൾക്കേണ്ടിവന്നത് കാഷ്യസ് ക്ലേ, പിൽക്കാലത്തെ മുഹമ്മദ് അലി, ബാങ്ക് അക്കൗണ്ടിൽ കാശില്ലാത്തവനായതുകൊണ്ടായിരുന്നില്ല, കറുത്തവനായതുകൊണ്ടായിരുന്നു. ലോകമെവിടെയും ചരിത്രപരമായ വിവേചനത്തിന് പണം മാനദണ്ഡമല്ല. പണം കൂടിയാൽ അത്തരമൊരു വിവേചനത്തെ പ്രത്യക്ഷത്തിൽ ദൃശ്യമാകാതെ ഒളിപ്പിച്ചേക്കാം എന്നേയുള്ളൂ. സാമൂഹ്യമൂലധനത്തിന്റെ അഭാവത്തിന്റെ തോതാണ് എവിടെയും വിവേചനത്തിന്റെ ഏകകം. അതാത് സമൂഹങ്ങളിലെ ഹെജമണിക് ഘടനയിലേക്കുള്ള അടുപ്പമാണ് സാമൂഹ്യമൂലധനത്തിന്റെ ഏകകം.

ഒരുതരത്തിലുള്ള പ്രതിവിവേചനവും വ്യക്തിതലത്തിൽ നടപ്പിലാക്കാവുന്നതല്ല. സാമൂഹ്യമായ സ്കെയിലുകളിലേ പ്രതിവിവേചനം നടപ്പാക്കാൻ കഴിയൂ. പിന്നോക്കാവസ്ഥ സാമൂഹികമാണ്, വ്യക്തിപരമല്ല എന്നിരിക്കെ വ്യക്തിതലത്തിലെ ഭൗതികവിഭവങ്ങളുടെ ഉടമസ്ഥത പ്രതിവിവേചനത്തിന്റെ ആനുകൂല്യങ്ങളെ നിഷേധിക്കാനോ മറിച്ച് അതേ വിഭവങ്ങളുടെ ഉടമസ്ഥതയുടെ അഭാവം സാമൂഹ്യമായ പ്രതിവിവേചനത്തിന്റെ ആനുകൂല്യങ്ങൾ നൽകാനോ ഉള്ള മാനദണ്ഡങ്ങളാക്കാൻ കഴിയില്ല. പ്രതിവിവേചനത്തിന്റെ മാനദണ്ഡം സാമൂഹികമായ ചരിത്രപരത മാത്രമാണ്. നിലവിൽ ഭൈതികവിഭവങ്ങളിലെ ഉടമസ്ഥതയിലുള്ള വ്യക്തിപരമായ ഏറ്റക്കുറച്ചിലുകൾ മറ്റൊരു രാഷ്ട്രീയവിഷയമാണ്, തീർച്ചയായും പ്രധാനപ്പെട്ട ഒരു വിഷയം. അതിനെ പക്ഷേ പ്രതിവിവേചനം കൊണ്ട് കൈകാര്യം ചെയ്യുന്നത് സമയത്തെ ത്രാസുകൊണ്ട് അളക്കുന്നതുപോലെ അസംബന്ധമാണ്.

സംവരണം ക്ഷേമപദ്ധതിയല്ല. തൊഴിൽ പദ്ധതിയല്ല.  ദാരിദ്ര്യനിർമ്മാർജ്ജനമോ വ്യക്തിപമോ സാമൂഹ്യമോ ആയ സാമ്പത്തികോന്നമനമോ അതിന്റെ ലക്ഷ്യമല്ല. അത് ചരിത്രപരമായ കൊടിയ അനീതികളുടെ ഇരകൾക്ക് ആ അനീതികളുടെ ചരിത്രപരമായ ഗുണഭോക്താക്കൾ നൽകുന്ന,  താരതമ്യത്തിൽ തീർത്തും നാമമാത്രമായ, സാമൂഹ്യനഷ്ടപരിഹാരമാണ്. സംവരണം വർത്തമാനകാലത്തിൽ വേരുകളുള്ളതോ രൂപപ്പെട്ടതോ ആയ ഒരു തരത്തിലുള്ള പ്രശ്നങ്ങൾക്കും അസമത്വങ്ങൾക്കുമുള്ള പരിഹാരമല്ല. ചരിത്രപരമായ കാലമാനകങ്ങളിൽ (historical time scale) മറ്റ് തിരുത്തൽസാദ്ധ്യതകളുടെ സ്വാധീനപരിധിക്ക് അപ്പുറത്തുകിടക്കുന്ന ഭൂതകാലം മുതൽ തുടരുന്ന അനീതിക്കുള്ള, തീരെ ചെറിയ പ്രായശ്ചിത്തമാണ്.

എന്നുവച്ച് ഒരു പ്രസക്തിയുമില്ലാത്ത, ചരിത്രത്തിലെ ആരോപിതമായ, ‘തെറ്റു‘കൾക്ക് വർത്തമാനത്തിൽ പ്രതികാരം ചെയ്യലല്ല പ്രതിവിവേചനം.  ബാബറി മസ്ജിദ് പൊളിക്കലിന്റെ സോഷ്യോ-കൾചറൽ താരതമ്യ-താദാത്മ്യയുക്തികളിലല്ല സംവരണത്തിന്റെ നിലനില്പ്.  വൈകാരികമായ, വെറുപ്പിലും പ്രതികാരയുക്തിയിലും വേരൂന്നിയ, പിടിച്ചടക്കലല്ല. അന്യായമായി കൈയടക്കിവച്ച ശേഖരങ്ങളിലേക്ക് മിനിമം പ്രാപ്യതയെങ്കിലും ഉറപ്പാക്കുകയാണ്. വ്യക്തിപരമോ സാമൂഹികമോ ആയ  വൈകാരികതക്ക്, അനുകൂലമായാലും പ്രതികൂലമായാലും, പ്രതിവിവേചനത്തിൽ ഒരു സ്ഥാനവുമില്ല.

ലിറ്റ്മസ് ടെസ്റ്റ് വളരെ ലളിതമാണ്. ചരിത്രപരമായ അടിച്ചമർത്തലിന് വിധേയമായതിന്റെ സാമൂഹ്യപശ്ചാത്തലം  നിങ്ങൾക്കില്ലെങ്കിൽ നിങ്ങൾ സംവരണത്തിന്, പ്രതിവിവേചനത്തിന്റെ ഗുണഭോക്താക്കളാകാൻ, അർഹരല്ല.

(ഈ ലേഖനത്തിലുടനീളം പിന്നോക്കജാതിക്കാർ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഭൃത്യ ജാതി വിഭാഗങ്ങളെ (Service People) മൊത്തമായാണ്. സർക്കാരിന്റെ പ്രയോഗത്തിലുള്ള മറ്റ് പിന്നോക്ക സമുദായങ്ങൾ (OBC) എന്ന അർത്ഥത്തിലല്ല.)

പ്രതിവിവേചനം - പെരുപ്പിച്ചുകാണിക്കപ്പെടുന്ന നഷ്ടങ്ങൾ:

സർക്കാർ തൊഴിലുകളിലെ തൊഴിൽ സംവരണം എന്ന പ്രതിവിവേചനസംവിധാനം വഴി സവർണ്ണർക്ക് തൊഴിലുകൾ വ്യാപകമായി തൊഴിലുകൾ നഷ്ടപ്പെടുന്നു എന്നും അതുവഴി അവർ പട്ടിണിയിലും പരിവട്ടത്തിലുമാണ് കഴിയുന്നത് എന്നുമാണ് വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയും അവർ തന്നെ സ്വയം വിശ്വസിക്കുകയും ചെയ്യുന്നത്. അതിന്റെ വസ്തുതാപരമായ വശം പക്ഷേ ഈ ആരോപണത്തെ പൂർണ്ണമായും നിരാകരിക്കുന്നതാണ്.

ഇന്ത്യയിലെ മൊത്തം തൊഴിലുകളിൽ സർക്കാരിന്റെ സംഭാവന ഏതാണ്ട് മൂന്നേമുക്കാൽ ശതമാനമാണ് (കൃത്യമായി 3.68%). ഇതിൽ  സർക്കാർ ബാങ്കുകൾ, പട്ടാളം, പൊതുമേഖലാ സ്ഥാപങ്ങൾ, റെയിൽവേ, സം‌സ്ഥാന സർക്കാലും കേന്ദ്രസർക്കാരിലുമുള്ള ജോലികൾ തുടങ്ങി എല്ലാം ഉൾപ്പെടും. സംവരണം ഇപ്പോഴും നടപ്പിലാക്കിയിട്ടില്ലാത്ത പട്ടാള സർവീസ് മാറ്റിനിർത്തിയാൽ മൂന്നരശതമാനത്തിൽ താഴെ (കൃത്യമായി 3.34%). ഇതിൽ മൊത്തം പരമാവധി സംവരണമായ അമ്പത് ശതമാനം നടപ്പുണ്ടെന്ന് കണക്കാക്കിയാൽ തന്നെ ഒന്നേമുക്കാൽ ശതമാനത്തിന്റെ താഴെയേ വരൂ സംവരണശതമാനം.

അതായത് ഇന്ത്യയിൽ തൊഴിൽ സംവരണം അമ്പത് ശതമാനമല്ല, ഒന്നേമുക്കാൽ  ശതമാനമാണ്!

ഇനി ഈ ഒന്നേമുക്കാൽ ശതമാനം സംവരണം അതിന് നിയമപരമായി അർഹതപ്പെട്ട വിഭാഗങ്ങൾക്ക് ലഭിക്കാറുണ്ടോ? ഇല്ല എന്നാണുത്തരം. സംവരണത്തെ അട്ടിമറിക്കാൻ ഓരോ തലത്തിലും വ്യാപകമായ സംവിധാനങ്ങളുണ്ട്. കണക്കുകളിലെ തിരിമറികൾ മുതൽ പി എസ് സികളുടെ റൊട്ടേഷൻ സംവിധാനത്തിലെ ബോധപൂർവ്വമുള്ള അപാകതകൾ വരെ അതിൽപ്പെടും.

ഉദാഹരണമായി കേരളത്തിലെ പി എസ് സി യുടെ റൊട്ടേഷൻ സിസ്റ്റം എടുക്കുക. ആയിരം ഒഴിവുകളുള്ള ഒരു തസ്തികയിലേക്ക് ജോലിക്ക് അപേക്ഷ ക്ഷണിച്ച് പരീക്ഷയും അഭിമുഖവും നടത്തി റാങ്ക് ലിസ്റ്റ് പ്രസ്റ്റിദ്ധീകരിക്കുന്നു എന്നിരിക്കട്ടെ. അമ്പത് ശതമാനം സംവരണം അനുസരിച്ച് ആദ്യത്തെ അഞ്ഞൂറു വരെ റാങ്കുള്ളവരെ ഓപ്പൻ മെറിറ്റിലും പിന്നീട് വരുന്ന അഞ്ഞൂറു പേരെ അതാത് റിസർവേഷൻ ലിസ്റ്റുകളിൽ നിന്നും നിയമനം നടത്തി ഫയൽ പി എസ് സി അങ്ങോട്ട് അടച്ചുവക്കും എന്നല്ലേ സാമാന്യധാരണയനുസരിച്ച് കരുതുക? ആയിരം പേർക്ക് നിയമനം കൊടുക്കുമ്പോൾ അഞ്ഞൂറിൽ താഴെ റാങ്കുള്ള ഒരാൾക്കും സംവരണം ആവശ്യമില്ലല്ലോ, അയാളുടെ ജാതി ഏതായിരുന്നാലും.

എന്നാൽ അങ്ങനെയല്ല. എത്ര വലിയ റിക്രൂട്മെന്റായാലും പി എസ് സി അതൊക്കെ ഇരുപതിന്റെ യൂണിറ്റായേ കാണൂ. അതായത് ഇരുപത് പേരെ മാത്രമേ നിയമിക്കൂ എന്ന സങ്കല്പത്തിലാണ് നിയമനം. അപ്പോൾ ആദ്യത്തെ ഇരുപതുപേരിൽ നിന്ന് പത്തു പേരെ ഓപ്പൻ മെറിറ്റിലും പത്തുപേരെ സംവരണലിസ്റ്റിൽ നിന്നും റാങ്കനുസരിച്ച് സെലക്റ്റ് ചെയ്യും. ഒന്നാം റാങ്ക് ഹോൾഡറെ ആദ്യം ഓപ്പൻ മെറിറ്റിൽ നിയമിക്കും. രണ്ടാമത്തെ ഒഴിവിൽ അതാത് സംവരണവിഭാഗത്തിൽ പെടുന്ന ഏറ്റവും കൂടുതൽ റാങ്കുള്ള ആളെ നിയമിക്കും. അയാൾ ഇനി പൊതു റാങ്ക് ലിസ്റ്റിൽ രണ്ടാം സ്ഥാനക്കാരനാണെങ്കിലും നിയമനം സംവരണത്തിന്റെ കണക്കിലാണ്. ആയിരം ഒഴിവുകളുള്ള പോസ്റ്റിൽ രണ്ടാം റാങ്ക് ഹോൾഡർക്ക് എന്തിനാണ് സംവരണം എന്ന് ചോദിക്കരുത്.  അതും പോരാഞ്ഞ് ആ രണ്ടാം റാങ്കുകാരൻ ആയുഷ്കാലം മുഴുവൻ സംവരണം കൊണ്ട് ജോലി കിട്ടിയവൻ എന്ന പഴിയും - അതെങ്ങനെ പഴിയാവുമെന്നത് വേറെ വിഷയം - കേൾക്കണം. മൂന്നാത്തെ നിയമനം വീണ്ടും ഓപ്പൻ മെറിറ്റിൽ, നാലാമത്തേത് വീണ്ടും റിസർവേഷൻ ക്വോട്ടയിൽ. ആയിരം ഒഴിവുകളിൽ ആദ്യത്തെ അഞ്ഞൂറ് ഒഴിവുകളിലേക്ക് ആദ്യത്തെ അഞ്ഞൂറ് റാങ്കുകാരിൽ ഒരാൾക്കും സംവരണം ആവശ്യമില്ല എന്നതാണ് വസ്തുത.

സംവരണം മാത്രമേ ഭരണഘടനയിൽ എഴുതിവച്ചിട്ടുള്ളൂ, നടപ്പിലാക്കൽ എങ്ങനെയെന്ന് പറഞ്ഞിട്ടില്ല. അത് അട്ടിമറിക്കാനുള്ള വിദ്യ ചരിത്രാതീതകാലം മുതലേ മെറിറ്റിനെ അട്ടിമറിച്ചും മാനിപ്പുലേറ്റ് ചെയ്തും മാത്രം ശീലമുള്ള ഇന്ത്യൻ സവർണ്ണതയെ ആരും പ്രത്യേകിച്ച് പഠിപ്പിക്കേണ്ടതില്ല.

ചുരുക്കിപ്പറഞ്ഞാൽ മെറിറ്റ് ലിസ്റ്റിലെ സംവരണസമുദായക്കാരെ എടുത്ത് - അവർക്ക് സംവരണത്തിന്റെ യാതൊരു ആവശ്യവുമില്ല എന്നാലോചിക്കണം - റിസർവേഷൻ ക്വാട്ട അങ്ങ് മുക്കാലും നിറക്കും. വിശാഖ് ശങ്കർ ഒരു ലേഖനത്തിൽ പറഞ്ഞതുപോലെപോലെ സാക്ഷാൽ ഡോക്ടർ ബാബാസാഹെബ് അം‌ബേദ്കർ വന്ന് കേരളാ പി എസ് സിയുടെ പരീക്ഷയെഴുതിയാലും സംവരണലിസ്റ്റിലേ നിയമനം വരാൻ സാദ്ധ്യതയുള്ളൂ.

ഇന്ത്യൻ പരമ്പരാഗത സ്വകാര്യമേഖലയാണെങ്കിൽ ഒന്നടങ്കം മുന്നോക്കസമുദായങ്ങൾക്ക് തുറന്നുകിടക്കുകയാണ്. അവിടത്തെ മൂല്യച്ചങ്ങലയിൽ (value chain)  താഴേക്കിടയിലുള്ള തൊഴിലുകളിലൊഴികെ എവിടെയും നിലവിലെ സംവരണസമുദായങ്ങളെ കാണാൻ പാടാണ്. സംവരണമാണെങ്കിൽ എവിടെയും ഇല്ലതാനും.

സംവരണം ജാതിഹിന്ദുക്കൾക്കുണ്ടാക്കുന്ന നഷ്ടം, ഇനി പ്രതിവിവേചനത്തെ ഒരു നഷ്ടമായി കണക്കാക്കിയാൽ തന്നെ, തുലോം തുച്ഛമാണ്. പലതരം അട്ടിമറികളിലൂടെ ഈ ഒന്നേമുക്കാൽ ശതമാനത്തെ അവർ വീണ്ടും ഗണ്യമായ രീതിയിൽ കുറച്ചെടുക്കുന്നു. സംവരണത്തിനെതിരെയുള്ള തീർത്തും അനുപാതരഹിതമായ ആരോപണങ്ങളും ആക്ഷേപങ്ങളും അതിന്റെ പുറത്ത് നിർമ്മിച്ചെടുത്തിട്ടുള്ള കണക്കറ്റ മീമുകളും പുച്ഛവും പരിഹാസവും ഈ ഒന്നേമുക്കാൽ ശതമാനം നഷ്ടത്തിന് ആനുപാതികമല്ലതന്നെ.

പ്രതിവിവേചനത്തിന്റെ ഉൽപ്പാദനയുക്തി:

വിവേചനത്തിന്റെ ചരിത്രപരത ബാധകമല്ലാത്ത ഒരിടത്തും പ്രതിവിവേചനം ബാധകമല്ല എന്ന് നമ്മൾ കണ്ടു. അതേ സമയം ചരിത്രപരമായ പ്രതിവിവേചനനടപടികൾ കാര്യക്ഷമതയെ തകർക്കുന്നു എന്നത് കാലങ്ങളായി സംവരണവിരുദ്ധർ ഉയർത്തുന്ന ഒരു കപടപ്രശ്നത്തെക്കൂടി അഭിമുഖീകരിക്കേണ്ടതുണ്ട്.. വ്യക്തിസാക്ഷ്യങ്ങൾക്കപ്പുറം ഈ ആരോപണത്തെ പിന്തുണക്കുന്ന പഠനങ്ങളോ വിവരങ്ങളോ ഒരിടത്തും കണ്ടെത്താൻ കഴിഞ്ഞില്ല. വ്യക്തിസാക്ഷ്യങ്ങളാകട്ടെ അങ്ങേയറ്റം മുൻവിധികൾ നിറഞ്ഞതുമാണ്. നേരെ മറിച്ച്, പ്രതിവിവേചനം ഉൽപ്പാദനപ്രക്രിയയെയും സർക്കാർ ഗവേർണൻസിനേയും പല രീതിയിൽ കൂടുതൽ കാര്യക്ഷമമാക്കുകയാണ് ചെയ്യുന്നത്.

സർക്കാർ ഒരു മാജിക്കും അത് അതിന്റെ വർക്‌ഫോഴ്സിൽ നിന്ന്  ആവശ്യപ്പെടുന്നില്ല. കാലാകാലങ്ങളായി നിലവിലുള്ള പ്രോസസുകളേയും അതിൽ സമയാസമയങ്ങളിൽ വരുന്ന മാറ്റങ്ങളേയും ഉൾക്കൊള്ളുക എന്നതിനപ്പറം അസാമാന്യമായ ഒന്നും സാമാന്യഗതിയിലുള്ള ഒരു സർക്കാർ തൊഴിലിൽ ആവശ്യമില്ലതന്നെ.  ആ നിലക്ക് സർക്കാർ നിയമനരീതികൾ സെലക്ഷൻ പ്രോസസ് എന്നതിലുമുപരി എലിമിനേഷൻ പ്രോസസ്സാണ്. ഉദ്യോഗാർത്ഥികൾ വളരെ കൂടുതലും ഒഴിവുകൾ വളരെ കുറവും എന്ന സ്ഥിതിയിൽ വലിയ ഒരു വിഭാഗത്തെ ഒഴിവാക്കുകയല്ലാതെ വേറെ വഴിയില്ല. അപേക്ഷകരിൽ ഭൂരിപക്ഷത്തിനും ചെയ്യാവുന്ന ഒരു തൊഴിലിൽ നിന്ന് എങ്ങനെ അപേക്ഷകരെ മാറ്റിനിർത്താം എന്ന് കണ്ടെത്തലാണ് പി എസ് സി പരീക്ഷകൾ.

അമ്പതിനായിരം പേർ എഴുതുന്ന ഒരു പി എസ് സി പരീക്ഷയിൽ ഒന്നാം റാങ്ക് കിട്ടിയ ആൾക്കും നൂറാം റാങ്ക് കിട്ടിയ ആൾക്കും ആ തൊഴിൽ ചെയ്യുന്നതിൽ പറയത്തക്ക ഒരു വ്യത്യാസവും ഉണ്ടാക്കാൻ കഴിയില്ല. അതേ സമയം നൂറാം റാങ്ക് കിട്ടിയ ആൾ സാമൂഹ്യമായി പിന്നോക്കം നിൽക്കുന്ന ഒരു വിഭാഗത്തിൽ നിന്നാണെങ്കിൽ സർക്കാരിന്റെ തൊഴിലുകളിൽ കൂടുതൽ ശോഭിക്കാൻ അയാൾക്ക് കഴിഞ്ഞേക്കും താനും. കാരണം സർക്കാരിന്റെ പദ്ധതികളുടെ ഉപഭോക്താക്കളുമായി, അവരുടെ ജീവിതവും പ്രശ്നങ്ങളുമായി, കൂടുതൽ അടുത്ത ബന്ധം അയാൾക്കാണ്. ഗുണഭോക്താക്കളുടെ വൈവിദ്ധ്യം പദ്ധതികളുടെ ഡിസൈൻ ഗ്രൂപ്പിലും നടത്തിപ്പുസംവിധാനങ്ങളിലും പ്രതിഫലിക്കുക എന്നത് അംഗീകരിക്കപ്പെട്ട ഒരു രീതിയാണ്.

ഇനി സർക്കാരിൽ നിന്ന് മാറി സ്വകാര്യ മേഖലയിലേക്ക് വന്നാൽ,  സ്ഥിരവളർച്ചയും നവീകൃതമായ പ്രോസസുകളുമുള്ള വലിയ പാശ്ചാത്യ കോർപ്പറേയ്റ്റ് സ്ഥാപനങ്ങളിൽ പലതിലും ഇതേ പ്രതിവിവേചനനടപടികൾ പ്രയോഗത്തിലുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം അമേരിക്കൻ കമ്പനികൾ വ്യാപകമായി സ്ത്രീകളെ ജോലിക്കെടുത്തു തുടങ്ങിയപ്പോൾ  വിവേചനം എത്ര മാത്രം ടാലന്റിനെയാണ് മാറ്റി നിർത്തിയിരുന്നതെന്ന് അവർ തിരിച്ചറിയാൻ തുടങ്ങി. പിന്നീട് കറുത്തവർ, ശാരീരികമായ വെല്ലുവിളി നേരിടുന്നവർ, മറ്റ് രാജ്യങ്ങളുടെയും സംസ്കാരങ്ങളുടെയും പൗരന്മാർ തുടങ്ങി എല്ലാത്തരം വൈവിദ്ധ്യങ്ങളെയും (സെലക്റ്റീവായി) ഉൾക്കൊള്ളുന്നത് മൂലധനത്തിന് ലാഭകരമാണെന്ന് കണ്ടെത്തപ്പെട്ടു. ഏറ്റവും ഫലപ്രദമായ വർക്‌ഫോഴ്സിനെ മാത്രമല്ല തൊഴിൽ വഴി ക്രയശേഷി കൈവരിക്കുന്ന  ഒരു വലിയ ഉപഭോക്തൃസമൂഹം കൂടിയാണ് മാറ്റി നിർത്തൽ വഴി നഷ്ടപ്പെട്ടിരുന്നതെന്ന് അവർ മനസ്സിലാക്കി.
പിന്നീട് ഈ വൈവിദ്ധ്യവൽക്കരണം തൊഴിൽഘടനയുടെ മൂല്യച്ചങ്ങലയുടെ (value chain) മുകളറ്റത്തേക്കും കൂടി സാവധാനം വ്യാപിച്ചു. ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സങ്കല്പധാരണകൾ (conceptualization) ഉറവെടുക്കുന്ന ഇടങ്ങൾ മുതൽ രൂപകല്പനയിലും നിർമ്മാണപ്രക്രിയയിലും ഡെലിവെറിയിലും വരെ വൈവിദ്ധ്യവൽക്കരണം നവീനമായ ആശയങ്ങളെയും വീക്ഷണകോണുകളേയും സൃഷ്ടിച്ചു. തൊഴിൽസേനയിലെ വൈവിദ്ധ്യവൽക്കരണം അതിന്റെ പങ്കാളികൾക്ക് ക്രയശേഷി കൈവരിക്കാനാവുക വഴി പുതിയ മാർക്കറ്റ് സെഗ്മെന്റുകളെ സൃഷ്ടിക്കുകയും അവ തിരിച്ച് വൈവിദ്ധ്യവൽക്കരണത്തെ സഹായിക്കുകയും ചെയ്തു.

ആഗോളവൽക്കരണം ഈ പ്രക്രിയയക്ക് ആക്കം കൂട്ടി. വിവിധ സംസ്കാരങ്ങളിൽ ലോകം മുഴുവൻ പരന്നുകിടക്കുന്ന മാർക്കറ്റിന്റെ അഭിരുചികളും തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങളും എന്തിന് ശാരീരികസവിശേഷതകളിലെ മാറ്റങ്ങൾ മൂലം ഉണ്ടാക്കേണ്ട എർഗണോമിക് ഡിസൈൻ മാറ്റങ്ങൾ വരെ  കൃത്യമായി തിരിച്ചറിയൽ എന്നത് ഗ്ലോബൽ ക്യാപിറ്റലിന് ഒരു അസാദ്ധ്യസാദ്ധ്യതയായിരുന്നു. ഓരോ കൺസ്യൂമർ ഗ്രൂപ്പിന്റെയും ചോയ്സുകൾ സ്വാഭാവികമായും വ്യത്യസ്തമായിരുന്നു. വൈവിദ്ധ്യമാർന്ന തൊഴിൽ സേനയില്ലാതെ ഇന്ന് ഗ്ലോബൽ മാർക്കറ്റിൽ പിടിച്ചുനിൽക്കൽ കൺസ്യൂമർ കമ്പനികൾക്ക് മിക്കവാറും അസാദ്ധ്യമാണ്. വൈവിദ്ധ്യത്തെ കണ്ടെത്തുകയും പ്രചോദിപ്പിക്കുകയും ചെയ്യാതെ നൂതനത (innovation) അസാദ്ധ്യമാണെന്ന് അവരിൽ മിക്കവരും ഇന്ന് അംഗീകരിക്കുന്നു. ക്യാപിറ്റലിസമാണ് മോഡലാക്കേണ്ടത് എന്നല്ല പറയുന്നത്, മറിച്ച് മെറിറ്റോക്രാറ്റുകൾ ഏറ്റവും കൂടുതൽ പറയുന്ന ക്യാപിറ്റലിസ്റ്റ് സെലക്ഷൻ പ്രക്രിയ അതിന്റെ മെക്കകളിൽ എന്നോ പ്രതിവിവേചനത്തിന്റെ യുക്തിയെ തങ്ങൾക്കനുകൂലമാക്കി മാറ്റിയെടുത്തുകഴിഞ്ഞു എന്ന് സൂചിപ്പിക്കാനാണ്.

സ്വകാര്യ തൊഴിൽ മേഖലയിലെ പ്രതിവിവേചനത്തെപ്പറ്റി ഇടതുപക്ഷം പറയുമ്പോൾ ഞെട്ടുന്നത് നേരെ ചൊവ്വേ ക്യാപിറ്റലിസം പോലും ഇല്ലാത്ത ഒരു രാജ്യമായതുകൊണ്ടാണ്. നമ്മൾ ആദ്യമായും അവസാനമായും ഒരു ജാതിസമൂഹമാകുന്നു. മാർക്കറ്റ് വ്യാപിപിക്കാൻ കിടക്കുന്ന അതിഭീമമായ അവസരമാണ് സ്വകാര്യമേഖലയിലെ പ്രതിവിവേചനനടപടികൾ എന്നുപോലും അതിന് തിരിച്ചറിയാൻ കഴിയാതെ വരുന്നു. നമ്മുടെ ക്യാപിറ്റലിസം പോലും, മൂലധനത്തിന്റെ കാഴ്ചപ്പാടിൽ നിന്ന് നോക്കിയാൽ, ദയനീയമായ ജാതിയുക്തിയുടെ പിടിയിലാണ്.

സംവരണവിരുദ്ധത:

മുന്നോക്കക്കാർക്ക് സംവരണമുണ്ടാക്കുന്ന തൊഴിൽ നഷ്ടം അതിനിസ്സാരമാണെന്ന് നമ്മൾ കണ്ടു. പിന്നെന്തുകൊണ്ടാണ് ഇത്രയും കടുത്ത സംവരണവിരുദ്ധത മുന്നോക്കസമുദായങ്ങൾക്കിടയിൽ വേരോടിയിരിക്കുന്നത്? അവർക്കുള്ള നഷ്ടം അതിനിസ്സാരമായിരിക്കെ എന്തുകൊണ്ട് തങ്ങളുടെ എല്ലാ പ്രശ്നങ്ങളുടെയും മദ്ധ്യത്തിൽ അവർ സംവരണത്തെ പ്രതിഷ്ഠിക്കുന്നു? എന്തുകൊണ്ട് സംവരണസമുദായങ്ങൾക്കിടയിൽ ക്രീമിലേയർ നടപ്പിലാക്കണമെന്ന ആവശ്യം, ക്രീമിലേയർ വരുമാനപരിധി കുറക്കണമെന്നും അതുവഴി അതാത് പിന്നോക്കസമുദായങ്ങളിലെ സാമ്പത്തികപിന്നോക്കാവസ്ഥ അനുഭവിക്കുന്നവർക്ക് മാത്രമായി ആ അവസരങ്ങൾ ലഭ്യമാക്കണമെന്ന ആവശ്യം, അവർ നിരന്തരമായി ഉന്നയിച്ചുകൊണ്ടിരിക്കുന്നു? തങ്ങൾക്ക് എന്തായാലും ലഭ്യമല്ലാത്ത സംവരണ ക്വാട്ട ആർക്ക് പോയാലും അവർക്കെന്ത്?

സംവരണത്തിന് എഴുപതുകൊല്ലത്തെ പഴക്കമേയുള്ളൂ, സംവരണവിരുദ്ധതക്ക് ജാതിവ്യവസ്ഥയുടെ അത്രതന്നെ വരും പഴക്കം. കാരണം അതിന്റെ യുക്തി നിഷേധത്തിന്റെയും പുറംതള്ളലിന്റെയും ഒഴിവാക്കലിന്റെയും ആണ്. പ്രശ്നം നഷ്ടപ്പെടുന്ന അവസരങ്ങളല്ല, തങ്ങളുടെ ചിന്താമണ്ഡലത്തിൽ എന്നും ബഹിഷ്കൃതരായിരുന്നവർക്ക് സംവരണം സാദ്ധ്യമാക്കാനിടയുള്ള അവസരങ്ങളാണ്. തങ്ങൾ എവിടെനിന്നെങ്കിലും പുറത്താവുന്നതല്ല, തങ്ങളുടേത് മാത്രമായിരുന്ന ഇടങ്ങൾ അവർക്ക് കൂടി പ്രാപ്യമാവുന്നതാണ്. തങ്ങളുടെ നഷ്ടമല്ല, തങ്ങളുടെ ഇടങ്ങളിൽ, അധികാരത്തിന്റെ കോറിഡോറുകളിൽ, സംവരണം സാദ്ധ്യമാക്കുന്ന ബഹിഷ്കൃതരുടെ സാന്നിദ്ധ്യമാണ് അവരുടെ യഥാർത്ഥ പ്രശ്നം.

പരമ്പരാഗത ഇന്ത്യൻ അധികാരം കേന്ദ്രീകരിച്ചിരിക്കുന്നത് ഉദ്യോഗസ്ഥതലത്തിലാണ്. നയരൂപീകരണങ്ങൾ ഉയർന്ന രാഷ്ട്രീയ തലത്തിൽ നടക്കുമ്പോഴും നടപ്പിലാക്കലുകൾ പൂർണ്ണമായും ഉദ്യോഗസ്ഥതലത്തിലാണ്. അവയിൽ അനന്തമായ തീരുമാനസാദ്ധ്യതകളുണ്ട്. ഓരോ തീരുമാനങ്ങളും അനേകം വിവേചനസാദ്ധ്യതകൾ കൂടി തുറന്നിടുന്നു.  തീരുമാനങ്ങൾ നേരിട്ട് ബാധിക്കുന്ന ബഹുഭൂരിപക്ഷം മനുഷ്യരുടെ നാമമാത്രമെങ്കിലുമായ സാന്നിദ്ധ്യം ഇത്തരം ഉപജാപങ്ങളിൽ വലിയ തടസ്സങ്ങളാണ്. ആ അധികാരത്തിന്റെ കേന്ദ്രങ്ങളാണ് നമ്മൾ നേരത്തെ കണ്ട ഒന്നേമുക്കാൽ ശതമാനം തൊഴിലുകൾ. അവ വെരും തൊഴിലുകളല്ല, വിവേചനസാദ്ധ്യതകളുടെ ഖനികളാണ്. അതുകൊണ്ടാണ് പപ്പനാവന്റെ പത്തുചക്രം  റിസർവ് ബാങ്കിന്റെ പത്തുചക്രമല്ലാതിരിക്കുന്നത്. അവയിലാണ് പരമ്പരാഗത ഇന്ത്യൻ ജാതി ഹെജമണി സംരക്ഷിക്കപ്പെട്ടുപോരുന്നത്.. അതിന്റെ ഹൈറാർക്കിയിലുടനീളം മുന്നോക്കഹിന്ദുവിന് ചരിത്രപരമായ മേൽക്കൈയ്യുണ്ട്. പ്രത്യക്ഷത്തിൽ ശരിയും നിസ്സാരവും നിയമപരവുമായി  അതിലേക്ക് പുറത്തുനിന്നുള്ള ഓരോ എൻട്രിയും കൗണ്ടർ ഹെജമണിയുടെ സാദ്ധ്യതകളാണ്.  സംവരണവിരുദ്ധത തൊഴിൽ നഷ്ടത്തിനോടുള്ള സ്വാഭാവിക പ്രതിഷേധമല്ല, ജാതിക്കോട്ടയിൽ വരുന്ന വിള്ളലിനോടുള്ള വെറിയാണ്.

മുന്നോക്കസമുദായക്കാർക്കുള്ള സാമ്പത്തികസംവരണം എന്ന ആവശ്യം പ്രതിവിവേചനത്തിന്റെ രാഷ്ട്രീയയുക്തിക്കകത്ത് കയറ്റിവിടുന്ന ട്രോജൻ കുതിരയാണ്. അതിന്റെ ലക്ഷ്യം കേവലമായ ആ പത്തുശതമാനം സംവരണമല്ല, പകരം പ്രതിവിവേചനത്തിന്റെ വിശാലമായ സാമൂഹിക അടിത്തറയെ  കേവലമായ വ്യക്തിപരതയിലേക്കും സാമ്പത്തികാവസ്ഥയിലേക്കും കൊണ്ടുകെട്ടി മുക്കാൽ നൂറ്റാണ്ട് മെനക്കെട്ടിട്ടും തകർക്കാൻ കഴിയാത്ത നിലവിലുള്ള ജാതിസംവരണത്തിനെ ഉള്ളിൽനിന്ന് തകർക്കലാണ്.

ആവശ്യം നിലവിൽ അതിഭീമമായ പ്രാതിനിധ്യമുള്ള  മുന്നോക്കസമുദായങ്ങൾക്ക് താർതമ്യേന നിസ്സാരമായ ഒരു ചെറിയ ശതമാനം കൂടി കൂട്ടി നൽകലല്ല, പകരം ക്രീമിലേയറിന്റെ ബഹിഷ്കരണ യുക്തിയെ (exclusionary logic) കാലക്രമത്തിൽ സ്ഥാപിച്ചെടുക്കലാണ്. മുന്നോക്കസാമ്പത്തികസംവരണത്തിന്റെ ലക്ഷ്യം പിന്നോക്കസംവരണത്തിൽ സാമ്പത്തികമായ മാനദണ്ഡം ക്രമേണ പൂർണ്ണമായും കൊണ്ടുവരലാണ്. വധശിക്ഷ എന്ന നൈതികവൈരുദ്ധ്യം ശിക്ഷയുടെ യുക്തിയെ എങ്ങനെ തകർക്കുന്നോ അതുപോലെ സാമ്പത്തികമാനദണ്ഡം പ്രതിവിവേചനത്തിന്റെ യുക്തിയെ ഉള്ളിൽ നിന്ന് തകർക്കുന്നു. വധശിക്ഷ ഓരോ ശിക്ഷാരൂപങ്ങളേയും അതിന്റെ  ചെറിയ രൂപങ്ങളായി മാറ്റുന്നു. സാമ്പത്തികസംവരണം പ്രതിവിവേചനത്തിന്റെ എല്ലാ രൂപങ്ങളേയും സാമ്പത്തികമാനദണ്ഡത്തിന്റെ യുക്തിയിലേക്ക് പറിച്ചുനടുന്നു.

എന്താണ് പിന്നോക്കക്കാർക്കിടയിലെ സാമ്പത്തികമായ മേൽത്തട്ടിനെ സംവരണത്തിൽ നിന്ന് ഒഴിവാക്കുന്നതിൽ മുന്നോക്കക്കാർക്കുള്ള താല്പര്യം?

പിന്നോക്കാവസ്ഥ പൂര്‍ണ്ണമായും സാമൂഹികമാണ്, പിന്നോക്കവിഭാഗങ്ങളിലെ ഒരു ചെറിയ വിഭാഗം ഒന്നോ രണ്ടോ തലമുറകള്‍ കൊണ്ട് നേടിയെടുത്തതൊന്നും - സാമ്പത്തികമായ നേട്ടങ്ങളോ ഔദ്യോഗികമായ പദവിയോ ഒന്നും - ആ ചെറുവിഭാഗത്തെപ്പോലും സംവരണം 'ആവശ്യമില്ലാത്ത'വരാക്കുന്നില്ല. സാമ്പത്തികമായ (ഇനി അല്ലെങ്കില്‍ ചില അളവുകോലുകള്‍ വച്ചുള്ള സാമൂഹികവുമായ) ക്രിമിലേയര്‍ എന്ന അസംബന്ധം സംവരണത്തിന്റെ അടിസ്ഥാനലക്ഷ്യങ്ങളെ അട്ടിമറിക്കുന്നതാണ്.
പിന്നോക്കവിഭാങ്ങളില്‍പ്പെട്ട എല്ലാവരും സംവരണം അർഹിക്കുന്നവരാണ്. ഇനി അതില്‍ ആര്‍ക്കെങ്കിലും വിരോധമുണ്ടാവാമെങ്കില്‍ അത് അതാത് വിഭാഗങ്ങളിലെ ആഭ്യന്തര അധ:സ്ഥിതര്‍ക്കാണ്. അങ്ങനെയൊരു പ്രശ്നം ഇതുവരെ സമുദായങ്ങള്‍ക്കകത്തുനിന്നും സംഘടിതമായി ഉയര്‍ന്നുവന്നതായി കേട്ടിട്ടില്ല. അപ്പോള്‍ സാമൂഹ്യസംവരണം അര്‍ഹിക്കുന്ന വിഭാഗങ്ങള്‍ക്കകത്തെ അര്‍ഹത എന്ന് പറയുന്നത് ഒരു സവര്‍ണ്ണതാല്പര്യമാണ്, അവര്‍ണ്ണര്‍ തലമുറകളിലൂടെ ശക്തിയാര്‍ജ്ജിച്ച് തങ്ങളുടെ മുന്നില്‍ നിവര്‍ന്നുനില്‍ക്കാനുള്ള സാദ്ധ്യത അടച്ചുകളയുക എന്ന താല്പര്യം.

ഒറ്റത്തലമുറ സംവരണത്തിലൂടെ കഷ്ടിച്ച് നിവര്‍ന്നുനില്‍ക്കുന്ന, പ്രത്യേകിച്ച് ദളിതരെപ്പോലെ ജാതിഘടനയിലെ അവരൊഴിച്ചുള്ള സകല പിന്നോക്കവിഭാഗങ്ങളുടെപ്പോലും വിവേചനമനുഭവിക്കേണ്ടിവരുന്ന, വിഭാഗങ്ങളുടെ അടുത്ത തലമുറക്ക് സംവരണം നിഷേധിച്ചുകൊണ്ട് ഒരു സമൂഹമെന്ന നിലയില്‍ അധികാരത്തിന് തുടര്‍ച്ചകളുണ്ടാകാതെ അവരെ നില്‍ക്കുന്നിടത്ത് നിര്‍ത്താനുള്ളതാണ് സംവരണവിഭാഗങ്ങള്‍ക്കകത്തെ സംവരണാര്‍ഹത എന്ന ആശയം തന്നെ.

സഹസ്രാബ്ദങ്ങളുടെ സാമൂഹ്യമായ വിലക്കുകളിൽനിന്ന് തലപൊക്കാന്‍ ശ്രമിക്കുന്ന ആദ്യതലമുറകള്‍ സാമാന്യമായി അധികാരശ്രേണിയില്‍ തുടക്കത്തൊഴിലുകളിലാവും. അവരുടെ വരുംതലമുറകള്‍ക്ക് മെച്ചപ്പെട്ട അവസരങ്ങള്‍ക്കുള്ള സംവരണസാദ്ധ്യതകള്‍ ഇല്ലാതെയാക്കുമ്പോള്‍ അവരുടെ അല്പമായെങ്കിലും നേടിയെടുത്ത സാമൂഹ്യമായ ഉയര്‍ച്ചക്ക് തുടര്‍ച്ചകളുണ്ടാവാതെവരുന്നു. ആ സാമൂഹ്യവിഭാഗം വീണ്ടും തുടക്കത്തൊഴിലുകളിലേക്ക് ചുരുങ്ങുന്നു.

റിസ്കെടുത്ത്  നാടുവിട്ട് തൊഴിൽ ചെയ്ത് പണമുണ്ടാക്കി ആ പണം കൊണ്ട് ഭൂമി വാങ്ങാൻ ചെന്നയാളോട് “നിന്റെ വാപ്പയെ ഈ പുളിയന്മാവിന്റെ മേലാ പണിക്കാര് കെട്ടിയിട്ട് തല്ലിയത്“ എന്ന മംഗലശ്ശേരി നീലകണ്ഠന്റെ ഒറ്റവാചകം മതി (നിർമ്മിത) ചരിത്രത്തിലേക്ക് അയാളെ സാംസ്കാരികമായി അപ്രത്യക്ഷനാക്കാൻ. സംവരണത്തിന്റെ തുടർച്ചകൾ വഴി വിവേചനത്തിന്റെ ഇര എന്ന ഭൃത്യപാരമ്പര്യത്തിൽ നിന്ന് പ്രബുദ്ധതയുടെയും അഭിവൃദ്ധിയുടെയും രാഷ്ട്രീയാധികാരത്തിന്റെയും വഴീലേക്ക് പ്രവേശിക്കാൻ സാധിച്ചേക്കാവുന്ന ഒരു പിന്നോക്ക മൂന്നാം തലമുറ പിന്നോക്കക്കാരനോട് മംഗലശ്ശേരി തോറ്റുപോകുകയേയുള്ളൂ. ഇതുപോലെ കുത്തിയാൽ നോവുന്ന പുണ്ണൊന്നും അയാളുടെ സമീപഭൂതകാലത്തെ തലമുറകളിൽ കാണാൻ സാദ്ധ്യത കുറവാണ്. കുത്തുവാക്കുകളും ദുസ്സൂചനകളും ഭൃത്യപാരമ്പര്യത്തിലേക്ക് നീളുന്ന നസ്യങ്ങളും ഏശാത്ത പിന്നോക്കപരമ്പരമ്പരകൾ ജാത്യാധികാരത്തിന്റെ സാംസ്കാരികത്തുടർച്ചകളെ ചുണ്ടുകോട്ടി ചിരിക്കും എന്നതാണ് കീഴ്ചാതിക്കാർക്കിടയിലുള്ള സാമ്പത്തിക ക്രീമിലേയറിനുവേണ്ടിയുള്ള മുറവിളിയുടെ യഥാർത്ഥ കാരണം.

നിസ്സഹായനായ സാക്ഷിയായും  സൂക്ഷമായി വീക്ഷിക്കുന്ന സാന്നിദ്ധ്യമായും പരോക്ഷമായി ഇടപെടുന്ന പ്രാതിനിധ്യമായും തുല്യനിലയിൽ ഇടപെടുന്ന പങ്കാളിയായും പിന്നീട് ഒരു പക്ഷേ ആജ്ഞാപിക്കുന്ന നേതൃത്വസ്ഥാനത്തും പിന്നോക്കക്കാരെ എത്തിച്ചേക്കാവുന്ന ‘ഭീഷണ‘മായ ഒരു സാദ്ധ്യതയാണ് മുന്നോക്കയുക്തിയിൽ തുടർസംവരണം. അതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗമാണ് ചരിത്രവിരുദ്ധമായ മാദണ്ഡങ്ങൾ കൊണ്ടുവന്ന്   സംവരണത്തുടർച്ചയെ, അധികാരഘടനക്കകത്തെ വെർട്ടിക്കൽ മൊബിലിറ്റിയെ, തകർക്കുക എന്നത്. സാമ്പത്തികസംവരണം ജാതീയതയുടെ വിവേചനയുക്തിയെ, അതിന്റെ ചരിത്രപരതയെ, വർത്തമാനകാലത്തിലെ ഭൗതികവിഭവങ്ങളുടെ ലഭ്യതയിലേക്ക് ചുരുക്കുന്നു. ആഴത്തിൽ വേരുകളുള്ള ഒരു സാംസ്കാരികപ്രശ്നത്തെ നിസ്സാരമായ ഒരു വെൽഫെയർ പ്രശ്നമാക്കി അതിനെ അപരിഹാര്യമാക്കുന്നു. തെറ്റായി അവതരിപ്പിച്ചാൽ മതി, ഒരു കാലത്തും പ്രശ്നം പരിഹരിക്കപ്പെടാതിരിക്കാൻ.

നമ്മുടേത് ഒരു വിപ്ലവാനന്തരസമൂഹമല്ല.ഇന്ത്യൻ സമൂഹത്തിന്റെ അടിസ്ഥാനഘടകം ജാതിയാണ്. ജാത്യാധികാരത്തിന്റെ തുടർച്ചകൾ ഒരിക്കൽ പോലും ഇവിടെ മുറിഞ്ഞിട്ടില്ല. രാഷ്ട്രീയാധികാരം എണ്ണമറ്റ കൈമാറ്റങ്ങളിലൂടേ കടന്നുപോയിട്ടും വർണ്ണവ്യവസ്ഥൽ അതിഷ്ഠിതമായ ഇന്ത്യൻ സാമൂഹ്യാധികാരശ്രേണിക്ക് സഹസ്രാബ്ദങ്ങളായി താരതമ്യത്തിൽ ഒരു പോറൽ പോലും ഏറ്റിട്ടില്ല. നിലവിലുള്ള സാമൂഹ്യാധികാരത്തിനെ ജാതിവ്യവസ്ഥയുടെ അത്രതന്നെ പഴക്കവും തുടർച്ചയുമുണ്ട്. ജാത്യാധികാരം നിലനിൽക്കുന്നത്  സാമൂഹ്യമായ തുടർച്ചയിലാണ്. അതിന്റെ പ്രതിനടപടികൾക്കും അതേ തുടര്‍ച്ച ആവശ്യമാണ്.

 (കഴിഞ്ഞ ആഴ്ചയിലെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ ടെക്സ്റ്റ്)

https://www.facebook.com/notes/%E0%B4%A6%E0%B5%80%E0%B4%AA%E0%B4%95%E0%B5%8D-%E0%B4%B6%E0%B4%99%E0%B5%8D%E0%B4%95%E0%B4%B0%E0%B4%A8%E0%B4%BE%E0%B4%B0%E0%B4%BE%E0%B4%AF%E0%B4%A3%E0%B5%BB/%E0%B4%B8%E0%B4%82%E0%B4%B5%E0%B4%B0%E0%B4%A3%E0%B4%B5%E0%B4%BF%E0%B4%B0%E0%B5%81%E0%B4%A6%E0%B5%8D%E0%B4%A7%E0%B4%A4%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86-%E0%B4%B0%E0%B4%BE%E0%B4%B7%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B0%E0%B5%80%E0%B4%AF%E0%B4%82/10214662925787905/

Comments

Popular posts from this blog

Bitcoin - Sujith Kumar

മുരളി തുമ്മാരുകുടി-നൂറു വര്‍ഷം കഴിഞ്ഞെത്തിയതിന്റെ പുണ്യം

ചേലാകർമ്മം